തിരുവനന്തപുരം മുതൽ കൊല്ലം വരെ ഒരൊറ്റ ബാനർ; ജനുവരി 25ന് യുഡിഎഫ് ലക്ഷ്യമിടുന്നത് അത്യപൂർവ ഉദ്യമം

തിരുവനന്തപുരം∙ തിരുവനന്തപുരം മുതൽ കൊല്ലം വരെ ദേശീയപാതയിൽ ഒരൊറ്റ പടുകൂറ്റൻ ബാനർ! ഈ ജനുവരി 25ന് യുഡിഎഫ് ലക്ഷ്യമിടുന്നത് ഇങ്ങനെയൊരു അത്യപൂർവ ഉദ്യമത്തിനാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ ജാഥയ്ക്കു പിന്തുണ സമാഹരിച്ചു നടന്ന ഒപ്പുശേഖരണ പരിപാടിയാണ് റെക്കോർഡുകളിൽ ഇടംപിടിക്കാൻ പോകുന്നത്. കേരളത്തിലെ ഓരോ ബൂത്തിലും മൂന്നരമീറ്റർ നീളമുള്ള വെള്ളത്തുണിയിൽ ഒപ്പുകൾ ശേഖരിച്ച് അവ കൂട്ടിക്കെട്ടിയാണ് ഏകദേശം 70 കിലോമീറ്ററോളം വരുന്ന ബാനർ തയാറാകുന്നത്.

ഇത്രയും നീളമുള്ള ബാനർ എവിടെ അവതരിപ്പിക്കുമെന്ന ആലോചനയാണു ദേശീയപാതയിൽ തന്നെയാകട്ടെയെന്ന തീരുമാനത്തിലെത്തിയത്. 25നു മുൻകൂട്ടി തീരുമാനിക്കുന്ന സമയത്തു ബാനറുകളുമായി നേതാക്കളും പ്രവർത്തകരും അണിചേർന്നു നിൽക്കും. മൂന്നരമീറ്ററുള്ള തുണികൾ കൂട്ടിക്കെട്ടി ആദ്യം 50 മീറ്ററാക്കും. തുടർന്നു നാലെണ്ണം ചേർത്ത് 200 മീറ്ററും. ഇവ ഓരോ സ്ഥലത്തുമെത്തിച്ച് അവിടെവച്ചു പരസ്പരം ചേർത്ത് ഒന്നാക്കും.

ജാഥാ കൺവീനർ വി.ഡി.സതീശന്റെ നേതൃത്വത്തിൽ ഈ ഒപ്പുശേഖരണ പരിപാടി താഴെത്തട്ടിൽ വരെ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ഒപ്പുശേഖരണ പരിപാടി, തുണികൊണ്ടുള്ള ഏറ്റവും നീളംകൂടിയ ബാനർ എന്നീ റെക്കോർഡുകളാണു കാത്തിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കമുള്ളവരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.