‌92 മരുന്നുകളുടെ വില കുറച്ചു; ഒരുമാസത്തിനിടെ രണ്ടുഘട്ടമായി വിലനിയന്ത്രണം

കോട്ടയം∙ അർബുദം, പ്രമേഹം, രക്തസമ്മർദം, അണുബാധ എന്നിവയ്ക്കു പ്രതിവിധിയാകുന്നവ ഉൾപ്പെടെ 92 മരുന്നുകൾ കൂടി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി.

കഴിഞ്ഞ 18ന് 65 മരുന്നുകളുടെ വില കുറച്ചതിനു പിന്നാലെയാണു ബുധനാഴ്ച 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയിൽ ചേർത്തത്. പ്രമേഹം, അണുബാധ, വേദന, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തിൽ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോൾ, കൊളെസ്ടെറോളിനുള്ള റോസുവസ്റ്റാറ്റിൻ, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്ഫോർമിൻ സംയുക്തങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി.

അർബുദ ചികിൽസയ്ക്കുള്ള ബോർടിസോമിബ് ഇൻജക്‌ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. പഴയവില 17,640 രൂപ. ഹെപ്പറ്റൈറ്റിസ് സി രോഗികൾക്കുള്ള സോഫോസ്ബുവിർ– വെൽപാറ്റാസ്‌വിറിന്റെ വില 15,625 രൂപയായി നിജപ്പെടുത്തി. സ്റ്റെറോയിഡായ മീതൈൽ പ്രെഡ്നിസലോൺ ഇൻജക്‌ഷനാണു പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു മരുന്ന്.

1000 എംജി മരുന്നിന് 782.78 രൂപയാണു പുതിയ വില. (പഴയവില 970 രൂപ) പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്കു പ്രതിവർഷം 10% വില വർധിപ്പിക്കാൻ കമ്പനികൾക്ക് അനുമതിയുണ്ട്.