ബിജെപിക്കു ബദലായി കോൺഗ്രസിനെ കാണാനാകില്ല: കോടിയേരി

കൽപറ്റ∙ ബിജെപിക്കു ബദലായി കോൺഗ്രസിനെ കാണാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നയപരമായ യോജിപ്പുള്ള കക്ഷികളുമായി ചേർന്നാണു കൂട്ടുകെട്ടു വേണ്ടത്. അതിനു കോൺഗ്രസ് പറ്റില്ലെന്നും വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ എടുക്കേണ്ട നിലപാടു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കു ബദലായി കോൺഗ്രസ് ഉൾപ്പെടെയുള്ളവരുമായി കൂട്ടാകാമെന്ന സീതാറാം യച്ചൂരിയുടെ വാദത്തിനു വിരുദ്ധമായ അഭിപ്രായപ്രക‌ടനമാണു കോടിയേരി നടത്തിയത്. ഉദാരസാമ്പത്തിക നയം ഉൾപ്പെടെയുള്ള നയം നടപ്പാക്കിയതിന്റെ തെറ്റു സമ്മതിക്കാതെ സോണിയാ ഗാന്ധി മാറി രാഹുൽഗാന്ധിയെ പ്രസിഡന്റാക്കിയിട്ടു കാര്യമില്ല. 2004ലെ സാഹചര്യത്തിൽ ബിജെപി എന്ന വിപത്തിനെതിരെ ഇടതുപക്ഷം കോൺഗ്രസിനെ പിന്തുണച്ചു.

എന്നാൽ ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനു പകരം സാമ്പത്തിക ഉദാരവൽക്കരണം നടത്താനാണു കോൺഗ്രസ് ശ്രമിച്ചത്. അക്കാലത്തു കോൺഗ്രസ് സ്വീകരിച്ച പല നിലപാടും ബിജെപിയുടെ വളർച്ചയ്ക്കു സഹായകരമായി. സാമുദായികാടിസ്ഥാനത്തിൽ രൂപം കൊണ്ട കക്ഷിയായതിനാൽ ബിഡിജെഎസുമായി ബന്ധമുണ്ടാക്കാൻ സിപിഎമ്മിനു കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.