അമേരിക്കയെ നേരിടുന്നതിൽ മികവ്; ഉത്തര കൊറിയയെ പ്രകീർത്തിച്ച് പിണറായി

കോഴിക്കോട്∙ ചൈനയെക്കാൾ മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിൽ ആകുന്നില്ല എന്ന വിമർശനമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയ ശാസ്ത്ര സമീപനത്തിൽ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിൽ കുറെക്കൂടി നല്ല സമീപനം ഇപ്പോൾ ഉയർന്നു വന്നു എന്നതാണ് കാണാൻ പറ്റുക.

ഉത്തര കൊറിയ കടുത്ത അമേരിക്കൻ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇക്കാര്യത്തിൽ അമേരിക്കയുടെ സമ്മർദങ്ങളെ നല്ല രീതിയിൽ ചെറുത്തു നിൽക്കാൻ കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാർട്ടി സമ്മേളന പ്രചാരണ ബോർഡുകളിൽ ഇടം പിടിച്ചത് വിവാദമായിരുന്നു. രണ്ടു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ വിവാദത്തെത്തുടർന്നു മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആ രാജ്യത്തെ പ്രകീർത്തിച്ച് പിണറായി വിജയൻ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രസംഗിച്ചത്.