ഷെറിന് നീതി ലഭിക്കാൻ എല്ലാ ശ്രമവും നടത്തും: ടെക്സസ് പൊലീസ്

ഹൂസ്റ്റൻ∙ മലയാളി ദമ്പതികളുടെ ദത്തുപുത്രി, യുഎസിലെ വീട്ടിൽ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിനു നീതി ലഭിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നു ടെക്സസ് പൊലീസ് അറിയിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അക്രമമാണു ഷെറിന്റെ മരണകാരണമെന്നു മൃതദേഹ പരിശോധനയിൽ വ്യക്തമായിരുന്നു. ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസ് പുറത്തുവിട്ട റിപ്പോർട്ടിൽ കൂടുതൽ വിശദീകരണങ്ങളൊന്നുമില്ല.

ഷെറിൻ കൊല്ലപ്പെട്ടതാണെന്നും മൃതദേഹം കണ്ടെത്തിയതു 15 ദിവസത്തിനു ശേഷമായതിനാൽ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും റിച്ചർഡ്സൻ പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് സാർജന്റ് കെവിൻ പെർലിച്ച് അറിയിച്ചു. ഷെറിന്റെ വളർത്തച്ഛൻ വെസ്‍ലി മാത്യൂസും വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് കൗണ്ടി ജയിലിലാണ്. ഇവർക്കെതിരായ കുറ്റങ്ങൾ ഈ മാസം തന്നെ കോടതി പരിഗണിച്ചേക്കും. ഇവരുടെ നാലു വയസ്സുകാരി സ്വന്തം കുഞ്ഞിന്റെ സംരക്ഷണച്ചുമതല സംബന്ധിച്ച കേസിൽ ഇന്നലെ നടക്കാനിരുന്ന വിചാരണ 26 ലേക്കു മാറ്റി.