ഹെലികോപ്റ്റർ യാത്രയിൽ അപാകതയില്ല: മുഖ്യമന്ത്രി

കട്ടപ്പന (ഇടുക്കി) ∙ ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു ഹെലികോപ്‌റ്ററിൽ യാത്ര ചെയ്‌തതിന്റെ പേരിൽ താൻ മോഷണം നടത്തിയെന്ന മട്ടിലാണു ചിലരുടെ പ്രചാരണമെന്നും ഹെലികോപ്‌റ്ററിൽ യാത്ര ചെയ്‌തതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കിൽ അതിന്റെ പേരിലാകും പിന്നീട് ആക്ഷേപം. ഹെലികോപ്‌റ്ററിൽ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറിൽ യാത്രചെയ്‌താലും ചെലവു വഹിക്കുന്നതു സർക്കാരാണ്.

സാധാരണഗതിയിൽ യാത്രകൾ വേണ്ടിവരും. കാറിലാണു പലപ്പോഴും യാത്ര ചെയ്യുന്നത്. തന്റെ പോക്കറ്റിൽനിന്നുള്ള തുകയോ, കുടുംബത്തിൽനിന്നുള്ള തുകയോ ഉപയോഗിച്ചല്ല യാത്ര. സർക്കാരാണു പണം കൊടുക്കുന്നത്. ആരു പണം കൊടുത്തുവെന്നും ഏതുകണക്കിൽ നിന്നാണെന്നും ഒരു മന്ത്രിയും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്‌ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങൾ അന്വേഷിക്കലല്ല, തന്റെ പണിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മുൻ മുഖ്യമന്ത്രിയും ഇത്തരത്തിൽ ഇടുക്കിയിലേക്കു യാത്ര നടത്തിയിരുന്നു. അന്ന് 28 ലക്ഷം രൂപയാണു ചെലവായത്. ആ പണവും ദുരന്തനിവാരണ ഫണ്ടിൽനിന്നാണു ചെലവാക്കിയത്. തന്റെ യാത്രയുടെ പേരിൽ വിവാദത്തിന്റെ ആവശ്യമില്ല. നാളെയും ഇത്തരം യാത്രകൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.