പിണറായിയുടെ നിലപാടുകൾ മോദിക്കും ട്രംപിനും തുല്യമെന്ന് രാജാജി

രാജാജി മാത്യു തോമസ് (ഫയൽ ചിത്രം)

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റർ രാജാജി മാത്യു തോമസ്. പിണറായിയുടെ നിലപാടുകൾ മോദിക്കും ട്രംപിനും തുല്യമാണെന്നായിരുന്നു മുൻ എംഎൽഎകൂടിയായ രാജാജിയുടെ വിമർശനം. അസൗകര്യമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ് മുഖ്യമന്ത്രി പതിവു വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു.

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാധ്യമ സെമിനാറിലാണ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായ രാജാജി മാത്യു തോമസ് ആഞ്ഞടിച്ചത്. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണെന്നും രാജാജി പറഞ്ഞു. മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി ചരിത്രത്തിൽ ഉണ്ടാകില്ല. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു വാർത്താ സമ്മേളനം ഉപേക്ഷിച്ച പിണറായി വിജയന്റെ നടപടിയെയും ജനയുഗം എഡിറ്റർ വിമർശിച്ചു.

മോദിയും ട്രംപും ചെയ്യുന്ന മട്ടിൽ സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല. ഇതു പറയുന്നതു പൊതുസമൂഹത്തെ കരുതിയാണെന്നു രാജാജി പറഞ്ഞു. പാർട്ടി സമ്മേളനങ്ങളുടെ ഘട്ടത്തിലെങ്കിലും ഇടതുപക്ഷം ഇതു ചിന്തിക്കേണ്ടതാണെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി.