ഗ്രേസ് മാർക്ക് ഇനി ഉന്നത പഠനത്തിനുള്ള വെയ്റ്റേജ്

തൃശൂർ ∙ സ്കൂൾ കലോത്സവത്തിലെ മികച്ച പ്രകടനങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് ഉന്നത പഠനത്തിനു പ്രവേശനം നേടുന്നതിനുള്ള വെയ്റ്റേജ് മാർക്ക് ആക്കുന്നതു പരിഗണനയിൽ. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ചേർക്കുന്ന രീതി ഇതോടെ ഇല്ലാതാകും. എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ.പ്രസാദ് അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. അടുത്ത അധ്യയന വർഷം മുതൽ നിർദേശം നടപ്പാക്കും. 

കലോത്സവത്തിലെ അപ്പീൽ പ്രളയത്തിനും ക്രമക്കേടുകൾക്കും പ്രധാന കാരണം ഗ്രേസ് മാർക്കാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സി.രവീന്ദ്രനാഥ് സമിതിയെ നിയമിച്ചത്. കലോത്സവ മാന്വൽ പരിഷ്കരണത്തിന്റെ ഭാഗമായി ഗ്രേസ് മാർക്ക് ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും അധ്യാപക സംഘടനകൾ എതിർപ്പ് ഉയർത്തിയിരുന്നു. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡിന് 30, ബി ഗ്രേഡിന് 18, സി ഗ്രേഡിന് ആറ് മാർക്കുമാണു ഗ്രേസ് മാർക്ക് ആയി നൽകിയിരുന്നത്.