ഗണേഷോ കുഞ്ഞുമോനോ? ആരെ മന്ത്രിയാക്കും; എൻസിപിയിൽ തർക്കം

തിരുവനന്തപുരം∙ എൻസിപിയുടെ രണ്ട് എംഎൽഎമാർക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്നു വന്നതോടെ, മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന വാദം പാർട്ടിയിൽ ശക്തമായി. അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും പുറത്തുനിന്ന് ആരെ മന്ത്രിയാക്കുമെന്ന കാര്യത്തിൽ പാ‍ർട്ടിയിൽ ഭിന്നത രൂക്ഷമാണ്. കെ.ബി.ഗണേഷ്കുമാറിനുവേണ്ടി ഒരു വിഭാഗവും കോവൂർ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണു രംഗത്ത്.

ചാണ്ടിക്കും ശശീന്ദ്രനുമെതിരെയുള്ള കേസുകളിൽനിന്ന് ഇരുവരും ഉടനെ മുക്തി നേടാനുള്ള സാധ്യത കുറവാണെന്ന് എൻസിപി മനസിലാക്കുന്നു. ചാണ്ടി രാജിവച്ചപ്പോൾ മുഖ്യമന്ത്രി ഏറ്റെടുത്ത ഗതാഗതവകുപ്പ് സിപിഎമ്മിലെ ആർക്കെങ്കിലും കൈമാറിയാൽ പിന്നെ എൻസിപിയുടെ മന്ത്രിസാധ്യതയും ഇല്ലാതാകും. അതിലും ഭേദം, പുറത്തുനിൽക്കുന്ന ഇടത് എംഎൽഎമാരിൽ ഒരാളെ പാർട്ടിയിലെത്തിച്ച് എൻസിപിയുടെ മന്ത്രിയാക്കുകയാണു വേണ്ടതെന്ന അഭിപ്രായമാണു ഗണേഷ്കുമാറിന്റെയും കുഞ്ഞുമോന്റെയും സാധ്യത വർധിപ്പിക്കുന്നത്.

ഗണേഷ്കുമാറിനുവേണ്ടി എൻസിപി സംസ്ഥാനപ്രസിഡന്റ് ടി.പി.പീതാംബരൻ നിൽക്കുമ്പോൾ, കോവൂർ കുഞ്ഞുമോനെയാണു തോമസ് ചാണ്ടി വിഭാഗം പരിഗണിക്കുന്നത്. എ.കെ.ശശീന്ദ്രന്റെ കൂടി വിശ്വാസം നേടാനാണു ചാണ്ടി വിഭാഗത്തിന്റെ ശ്രമം. പിള്ളയും ഗണേഷ്കുമാറുമെത്തിയാൽ പാർട്ടി അവരുടെ പിടിയിലാകുമെന്ന ആശങ്ക ചാണ്ടി പക്ഷത്തിനുണ്ട്. കുഞ്ഞുമോനിൽനിന്ന് അത്തരം നീക്കങ്ങളുണ്ടാകാനിടയാകാത്തതിനാൽ അദ്ദേഹത്തെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് ആലോചന. ഗണേഷ്കുമാറിനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കാനുള്ള നീക്കം ഏതാനും ആഴ്ച മുൻപ് ടി.പി.പീതാംബരന്റെ നേതൃത്വത്തിൽ നടന്നുവെങ്കിലും അതു പൊളിഞ്ഞിരുന്നു. പാർട്ടിയെയാകെ വിശ്വാസത്തിലെടുക്കാതെ നീക്കം നടത്തിയതാണ് എതിർപ്പിനു വഴിയൊരുക്കിയത്.

ഇടഞ്ഞുനിന്ന തോമസ് ചാണ്ടി – എ.കെ.ശശീന്ദ്രൻ വിഭാഗങ്ങൾ ഇതിനെതിരെ ഒരുമിച്ചതോടെ പീതാംബരൻ പിൻവലിഞ്ഞുവെങ്കിലും ആ നീക്കം ഉപേക്ഷിച്ചിട്ടില്ല. സിപിഎമ്മിന്റെ താൽപര്യപ്രകാരമാണു പാർട്ടിയിലെ മറ്റുള്ളവരെ ഇരുട്ടിൽ നിർത്തി ഇങ്ങനെയൊരു സുപ്രധാന നീക്കത്തിനു പീതാംബരൻ തുനിഞ്ഞതെന്നാണു ഭൂരിഭാഗം നേതാക്കളും കരുതുന്നത്. സിപിഎം സംസ്ഥാനനേതൃത്വവുമായി അദ്ദേഹം ചർച്ചയും നടത്തിയിരുന്നു.

ഗതാഗതവകുപ്പ് നേരത്തേ കൈകാര്യം ചെയ്തയാളെന്ന നിലയിൽ ഗണേഷിനു വീണ്ടും ഒരവസരം കൊടുക്കണമെന്ന ചിന്ത സിപിഎം നേതൃത്വത്തിലുണ്ട്. എന്നാൽ, ഘടകകക്ഷികൾക്കു മാത്രം മന്ത്രിസഭാപ്രാതിനിധ്യം നൽകിയാൽ മതിയെന്ന തീരുമാനമാണു മന്ത്രിസഭാരൂപീകരണവേളയിൽ എൽഡിഎഫ് എടുത്തത്. അതു ലംഘിച്ചു ഗണേഷിനെ മന്ത്രിയാക്കിയാൽ അതുപോലെ പുറത്തുനിൽക്കുന്ന കോവൂർ കു‍ഞ്ഞുമോൻ, കെ.വിജയൻപിള്ള, പി.ടി.എ.റഹീം എന്നിവർ വിവേചനം കാട്ടിയെന്ന പരാതിയുമായി രംഗത്തുവരും. അതുകൊണ്ടാണ് ഘടകകക്ഷിയായ എൻസിപിയിൽ ചേർന്നു മന്ത്രിയാകാനുള്ള നീക്കം ഗണേഷ് നടത്തിയത്.