അപ്പീൽ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വൈശാഖ് സ്ഥിരം വിധികർത്താവ്!

തൃശൂർ∙ സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ തട്ടിപ്പുകാരിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കോഴിക്കോടു സ്വദേശി വൈശാഖ് കലോത്സവങ്ങളിലെ സ്ഥിരം വിധികർത്താവുമാണെന്നു സൂചന. തിരുവനന്തപുരം സ്വദേശി സജികുമാർ, മുനീർ എന്നിവർക്കൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വൈശാഖ് ഇത്തവണ തൃശൂരിൽ മാള ഉപജില്ലയിൽ ശാസ്ത്രീയ നൃത്ത ഇനങ്ങളിലും സംഘ നൃത്തത്തിലും നാടോടി നൃത്തത്തിലും വിധികർത്താവായിരുന്നു. പാലക്കാട് ജില്ലാ കലോത്സവത്തിൽ ഇത്തവണ സംഘനൃത്തത്തിൽ വിധികർത്താവായിരുന്നു. മൽസരഫലം പരാതിക്ക് ഇടയാക്കുകയും ചെയ്തു.

കായംകുളം ഉപജില്ലയിൽ സംഘനൃത്തത്തിലും നാടോടി നൃത്തത്തിലും വിധികർത്താവായിരുന്നു. വ്യാജഅപ്പീൽ തട്ടിപ്പിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഇവർ എങ്ങനെ വിവിധ ജില്ലകളിൽ വിധികർത്താക്കളായി ഇടം പിടിക്കുന്നു എന്നതും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിലുണ്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ച തൃശൂർ ജില്ലയിലെ വനിതയെ ചുറ്റിപ്പറ്റിയും പരാതികളുണ്ട്. മകളെ നൃത്ത മൽസരത്തിനായി കൊണ്ടുവന്നുള്ള പരിചയം വച്ച് ഇവർ രണ്ടുവർഷം മുൻപ് കൊല്ലം, എറണാകുളം ജില്ലകളിൽ വിധികർത്താവായിരുന്നു.

ഇത്തവണ ബാലാവകാശ കമ്മിഷന്റെ അപ്പീൽ സംഘടിപ്പിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു പാലക്കാട് ജില്ലയിലെയും തൃശൂർ ജില്ലയിലെയും നൃത്ത സംഘാംഗങ്ങളെ ഇവർ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ വിധികർത്താക്കളുടെ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. കടലാസു യോഗ്യതയുമായാണു പലരും ഈ മേഖലയിലെത്തുന്നത്. 

ഓട്ടോ ഡ്രൈവറോടു ജഡ്ജ് ആവാൻ ആവശ്യപ്പെട്ടതു സംഘാടകരെന്നു കണ്ണൻ

തൃശൂർ∙ മലപ്പുറം കലോത്സവത്തിൽ തന്റെ ഓട്ടോ ഡ്രൈവറോടു വിധികർത്താവാകാൻ സംഘാടകർ ആവശ്യപ്പെട്ടിരുന്നെന്നും ഇതു തന്റെ നിർദേശപ്രകാരമല്ലെന്നും നൃത്താധ്യാപകൻ കണ്ണൻ. കണ്ണനെയും ഓട്ടോ ഡ്രൈവറെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ താൻ ജഡ്ജിമാരെ ഏർപ്പാടാക്കി കൊടുത്തിട്ടില്ല. മലപ്പുറം കലോത്സവത്തിൽ കുച്ചിപ്പുഡി മത്സരത്തിൽ വിധി കർത്താവായിരുന്നു. അന്നു ചില കുട്ടികളെ വിജയിപ്പിക്കാനായി കൈക്കൂലി നൽകാമെന്നു ചിലർ വന്നു പറഞ്ഞു. ഇക്കാര്യം പുറത്തു പറഞ്ഞതിന്റെ പേരിൽ തന്നെ യുവജനോത്സവ നൃത്ത വിധികർത്താക്കളുടെ കരിമ്പട്ടികയിൽ പെടുത്തിയെന്നു പത്രവാർത്ത കൊടുക്കുകയാണു സംഘാടകർ ചെയ്തതെന്നു കണ്ണൻ ആരോപിച്ചു.