അനധികൃത സ്വത്തു സമ്പാദന കേസ്; ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി ∙ മുൻമന്ത്രി കെ. ബാബു ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിൽ അന്വേഷണ റിപ്പോർട്ട് എന്നു സമർപ്പിക്കാനാകുമെന്നു ഹൈക്കോടതി ആരാഞ്ഞു. വസ്തുതാ റിപ്പോർട്ട് ഡയറക്ടറുടെ പരിശോധനയ്ക്കു നൽകിയതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. കെ. ബാബുവിന്റെ ബെനാമിയെന്ന് ആരോപിക്കപ്പെട്ട പി.എസ്. ബാബുറാം വിജിലൻസ് എഫ്ഐആറും തുടർനടപടികളും റദ്ദാക്കാൻ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്ക‌ുന്നത്.

റിപ്പോർട്ട് നൽകാൻ രണ്ടു മാസം കൂടി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചെന്നു സർക്കാർ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ അഭിപ്രായം അറിയിക്കാനാണു കോടതി നിർദേശം. കുറച്ചു കാര്യങ്ങൾ കൂടി ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ച് കെ. ബാബു സർക്കാരിനും വിജിലൻസിനും പൊലീസ് മേധാവിക്കും അപേക്ഷ നൽകിയിരുന്നു. പി.എസ്. ബാബുറാമിനെതിരെ ഇതുവരെയുള്ള അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിജിലൻസ് നേരത്തേ വിശദീകരണം നൽകിയിരുന്നു.