സ്വത്തുകേസ്: കെ. ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കൊച്ചി ∙ വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി കെ. ബാബുവിന്റെ മൊഴികൾ വിജിലൻസ് വീണ്ടും രേഖപ്പെടുത്തി. ബാബുവിന്റെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.യു. സജീവൻ മൊഴിയെടുത്തത്. സ്വത്തുവിവരം സംബന്ധിച്ച വിശദീകരണങ്ങളാണു നാലു മണിക്കൂർ സമയമെടുത്തു ബാബു വിജിലൻസ് സംഘത്തിനു കൈമാറിയത്. മൊഴികൾ പരിശോധിച്ച ശേഷം തുടരന്വേഷണം വേണ്ടിവന്നാൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 

വിജിലൻസ് ഓഫിസിൽ ഹാജരായി മൊഴി നൽകാനാണ് അന്വേഷണ സംഘം നോട്ടിസ് അയച്ചതെങ്കിലും ബാബുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. 

കേസിൽ അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് റിപ്പോർട് സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലാണു ബാബു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്. വിജിലൻസ് എറണാകുളം സ്പെഷൽ സെൽ 2016 ലാണു ബാബുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. 

ഭൂമിക്കച്ചവടക്കാരനായ പി.എസ്. ബാബുറാം, ബേക്കറി ഉടമ മോഹനൻ എന്നിവർ കെ. ബാബുവിന്റെ ബെനാമികളാണെന്നു സംശയിച്ച് ഇവരെ കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ, രണ്ടാഴ്ച മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബാബുറാമിനെതിരെ തെളിവില്ലെന്നാണു വിജിലൻസ് രേഖപ്പെടുത്തിയത്.