മുന്നണിമര്യാദ എന്തെന്ന് ആദ്യം തീരുമാനിക്കണം: കാനം

ഇരിട്ടി∙ ഇടതുപക്ഷ ഐക്യം ദുർബലപ്പെടുത്തുക എന്നതു സിപിഐയുടെ ലക്ഷ്യമല്ലെന്നും സിപിഐ ദുർബലപ്പെട്ടാൽ ഇടതുപക്ഷം ശക്തിപ്പെടും എന്ന ധാരണ മറുപക്ഷത്തിനു നല്ലതല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ പറയുന്നതു മാത്രമാണു ശരി എന്ന ധാരണ ആർക്കും വേണ്ട. വിമർശനങ്ങളും തിരുത്തലുകളും ഉണ്ടാവുമ്പോൾ മുന്നണിമര്യാദയുടെ കാര്യം പറയുന്നവർ എന്താണു മുന്നണിമര്യാദ എന്ന് ആദ്യം തീരുമാനിക്കണം. അങ്ങനെ വന്നാൽ ഈ തീരുമാനം വിട്ട് ആരും പോവുകയുമരുത്. ഘടകകക്ഷികളെ യോജിപ്പിക്കുന്ന കേന്ദ്രം മുന്നണിയുടെ പ്രകടന പത്രികയാണ്, പ്രകടനപത്രികയ്ക്കു പിന്തുണ നൽകാ‍ൻ എല്ലാവർക്കും ബാധ്യതയുണ്ട്.

വ്യത്യസ്ത പാർട്ടികൾ തമ്മിൽ പലകാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടാവാം. പക്ഷേ രണ്ടു പാർട്ടികൾക്ക് ഒരു അഭിപ്രായം വേണമെന്നു പറയുന്നതിന്റെ ന്യായം എന്താണെന്നും അദ്ദേഹം ചോദിച്ചു. ശരിയുടെ പാർട്ടിയാണ് സിപിഐ എന്ന തിരിച്ചറിവാണ് കൂടുതൽ പേർ സിപിഐയിലേക്കു കടന്നുവരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.