രണ്ടു മണിക്കൂർ മുൻപ് സുരക്ഷാ പരിശോധന; സംശയങ്ങൾ ബാക്കി

കൊച്ചി ∙ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം നടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപു കപ്പലിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്നാണു കൊച്ചി കപ്പൽശാല അധികൃതർ പറയുന്നത്. ഈ അവകാശവാദം ശരിയാണെങ്കിലും തെറ്റാണെങ്കിലും വാതകച്ചോർച്ച മൂലമുണ്ടായ അപകടം സുരക്ഷാ വീഴ്ചയിലേക്കു കൂടിയാണു വിരൽ ചൂണ്ടുന്നത്.

രാവിലെ ജീവനക്കാർ ഡ്യൂട്ടിക്കു കയറുന്നതിനു മുൻപു ഗ്യാസ് ഫ്രീ പെർമിറ്റ് സുരക്ഷാ പരിശോധന നടത്തിയിരുന്നതായി കപ്പൽശാല വിശദീകരിക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്നിടത്തെ വാതകച്ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഗ്യാസ് ഫ്രീ പെർമിറ്റ് പരിശോധനയിൽ പ്രധാനമായും പരിശോധിക്കുന്നത്.

പരിശോധന നടന്നു രണ്ടു മണിക്കൂറിനുള്ളിലായിരുന്നു വാതകച്ചോർച്ച മൂലമുള്ള അപകടം. സുരക്ഷാ പരിശോധനയുടെ കൃത്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള കപ്പൽ ശാല എന്നു വിശേഷിപ്പിക്കപ്പെടുന്നിടത്തായിരുന്നു ഈ അപകടം!