‘അഡാർ’ പാട്ടിനോടുള്ള അസഹിഷ്ണുത അംഗീകരിക്കില്ല: പിണറായി

തിരുവനന്തപുരം∙‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തോടുള്ള അസഹിഷ്ണുത ഏതു ഭാഗത്തു നിന്നായാലും അംഗീകരിക്കാൻ പറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ ഗാനവും ദൃശ്യാവിഷ്കാരവും വിവാദമായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് പോസ്റ്റ്.

ഇക്കാര്യത്തിൽ ഹിന്ദു വർഗീയവാദികളും മുസ്‍ലിം വർഗീയവാദികളും ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണു ഗാനം എന്നാരോപിച്ചു കുറച്ചുപേർ ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതൊന്നും യാദൃച്ഛികമായി കാണാനാവില്ല. സ്വതന്ത്ര കലാവിഷ്കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയാണിത്. 

പി.എം.എ.ജബ്ബാർ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തിൽ 1978 ൽ ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയാണ് ഈ പാട്ടിനു പ്രചാരം നൽകിയത്. ‘മാണിക്യമലർ’ പതിറ്റാണ്ടുകളായി മുസ്‍ലിം വീടുകളിൽ, വിശേഷിച്ച് കല്യാണവേളയിൽ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളിൽ ഒന്നാണിത്. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാ ബീവിയുമായുള്ള വിവാഹവുമാണു പാട്ടിലുളളത്. 

മതമൗലികവാദികൾ ഏതു വിഭാഗത്തിൽപെട്ടവരായാലും, എല്ലാത്തരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും ഓർമിപ്പിക്കുന്നത്. 

കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവർക്കു സഹിക്കാൻ കഴിയില്ല. മതമൗലികവാദത്തിനും വർഗീയതയ്ക്കുമെതിരായ ശക്തമായ ആയുധമാണു കലയും സാഹിത്യവും. ആ നിലയിൽ കലയും സാഹിത്യവും ഉപയോഗിക്കുന്നവർക്കൊപ്പമാണു നാം നിലകൊള്ളേണ്ടത്– പിണറായി ചൂണ്ടിക്കാട്ടി.