Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിയാർ: ചരക്കുവാഹനം തടയുന്നത് പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു

ചിറ്റൂർ∙പറമ്പിക്കുളം–ആളിയാ‍ർ പദ്ധതിയിൽ തമിഴ്നാടിന്റെ കരാർ ലംഘനത്തിനെതിരെ അതിർത്തി ചെക് പോസ്റ്റുകളിൽ ചരക്കുവാഹനങ്ങൾ തടഞ്ഞ് സമരസമിതി നടത്തി വന്ന സമരം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. പൊലീസ് സംരക്ഷണയോടെ ഇന്നലെ ഉച്ചമുതൽ ചരക്കുവാഹനങ്ങൾ ഇരു സംസ്ഥാനങ്ങളിലേക്കും കടത്തി വിട്ടുതുടങ്ങി. തമിഴ്നാട് ഭാഗത്ത് അവിടത്തെ പൊലീസും സുരക്ഷ ശക്തമാക്കി.

ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്കു സമരക്കാരുമായി ചർച്ച നടത്തിയശേഷമാണു വാഹനങ്ങൾ കടത്തിവിട്ടത്. മീനാക്ഷിപുരത്ത് പൈലറ്റ് സൗകര്യവും പൊലീസ് ഒരുക്കി. ചരക്കുലോറികൾക്കുനേരെ കന്നിമാരി പള്ളിമുക്കിൽ കല്ലേറുണ്ടായി. ചെക് പോസ്റ്റുകളിൽ ഒരേ സമയം വാഹനങ്ങൾ കടത്തിവിടുന്നതിനു പകരം മതിയായ പൊലീസ് സാന്നിധ്യം ഉറപ്പാക്കി ഓരോ ചെക് പോസ്റ്റുകളിലായാണു ചരക്കുലോറി ഗതാഗതം പുനഃസ്ഥാപിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെക് പോസ്റ്റുകളിൽ പൊലീസ് സുരക്ഷ തുടരും. 

ആളിയാറിൽ നിന്നു വെള്ളം ലഭ്യമാക്കിയ ശേഷം ചർച്ചയാകാമെന്നു കേരളം

പാലക്കാട്∙ശിരുവാണിയിൽ നിന്ന് അട്ടപ്പാടിയിലേക്കു കൂടുതൽ ജലം ഒഴുക്കിത്തുടങ്ങിയതോടെ പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ ചർച്ചയ്ക്കു തയാറെന്നു തമിഴ്നാട് കേരളത്തെ അറിയിച്ചു. നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം പറമ്പിക്കുളം–ആളിയാർ അണക്കെട്ടുകളിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജല വിതരണം പുനരാരംഭിച്ച ശേഷം ചർച്ചയാകാമെന്നാണു കേരളത്തിന്റെ നിലപാട്. ഇതു തമിഴ്നാടിനെയും അറിയിച്ചിട്ടുണ്ട്.

ശിരുവാണിയിൽ നിന്ന് അട്ടപ്പാടിയിലേക്കു കൂടുതൽ ജലം ഒഴുക്കുന്നതു കോയമ്പത്തൂരിലേക്കുള്ള ശുദ്ധജല വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണു തമിഴ്നാട്. ആളിയാർ പദ്ധതിയിൽ നിന്നു കേരളത്തിന് അർഹമായ ജലം ലഭിക്കാനുളള സാഹചര്യമൊരുക്കി തമിഴ്‌നാട് ചീഫ് എൻജിനീയർ‌ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ പി.സുധീർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.