മരുന്നുകളുടെ ജനറിക് നാമം; മെഡിക്കൽ കൗൺസിൽ നിബന്ധന കർശനമാക്കുന്നു

കൊച്ചി ∙ മരുന്നു കുറിക്കുമ്പോൾ മൂലനാമം (ജനറിക് നെയിം) എഴുതണമെന്ന നിർദേശം സംസ്ഥാനത്ത് എല്ലാ ഡോക്ടർമാർക്കും ബാധമാക്കാൻ മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. നിർദേശം പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും. കഴിഞ്ഞ ഡിസംബർ ഒന്നിനു ചേർന്ന തിരുക്കൊച്ചി മെഡിക്കൽ കൗൺസിൽ യോഗത്തിന്റേതാണു തീരുമാനം. മരുന്നു കുറിക്കുമ്പോൾ മൂലനാമം നിർബന്ധമായും എഴുതണമെന്നു കോഡ് ഓഫ് മെഡിക്കൽ എത്തിക്സിൽ 2016 ലെ ഭേദഗതിയിലൂടെ നിർദേശിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി നടപ്പാക്കേണ്ട നിർദേശം കേരളത്തിൽ സർക്കാർ മേഖലയിൽ മാത്രമാണു നടപ്പാക്കിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ മരുന്നു കുറിക്കുമ്പോൾ മൂലനാമം എഴുതിത്തുടങ്ങിയിട്ടില്ല. ബ്രാൻഡ് നെയിം ആണ് എഴുതുന്നത്. മൂലനാമം എഴുതണമെന്ന നിർദേശം എല്ലാ ഡോക്ടർമാരെയും ഇ–മെയിൽ വഴി അറിയിക്കുമെന്നും നിർദേശം അംഗീകരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ കൗൺസിലിന് അധികാരമുണ്ടെന്നും കൗൺസിൽ റജിസ്ട്രാർ അറിയിച്ചു.

രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു ഡോക്ടർമാർ പറയുന്നു. മൂലനാമം എഴുതണമെന്നു കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ കൗൺസിലും നിർദേശിച്ചിട്ടുണ്ടെങ്കിലും അതു വേണ്ടത്ര പ്രായോഗികമല്ലെന്നാണ് അവരുടെ നിലപാട്. മരുന്നു വിൽപനക്കാർ അവർക്ക് ഏറ്റവും കൂടുതൽ കമ്മിഷൻ ലഭിക്കുന്ന മരുന്നുകൾ വിൽക്കാനേ ഇത് ഇടവരുത്തൂ. ഇതോടെ ചികിൽസയുടെ ഫലപ്രാപ്തി ഇല്ലാതാവുകയും ചെയ്യുമെന്നു ഡോക്ടർമാർ പറയുന്നു.

മരുന്നു കുറിപ്പടിയിൽ മൂലനാമം എഴുതണമെന്നു സംസ്ഥാന സർക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും മെഡിക്കൽ കൗൺസിലിനു നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് നാലിനു ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു മെഡിക്കൽ കൗൺസിലിനു രേഖാമൂലം നിർദേശം നൽകി.

മുൻ ഡ്രഗ്സ് കൺട്രോളർ എൻ.എസ്. അലക്സാണ്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും മെഡിക്കൽ കൗൺസിലിനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആരോഗ്യ വകുപ്പു സെക്രട്ടറിയുടെ ഉത്തരവു ചർച്ചചെയ്ത മെഡിക്കൽ കൗൺസിൽ ഇതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൗൺസിൽ തീരുമാനം.