ഇന്ദിരയും ഇഎംഎസും വരെ തോറ്റിട്ടില്ലേ; കോടിയേരി

കണ്ണൂർ ∙ കേന്ദ്രത്തിലെ അധികാരവും പണവും വോട്ടിങ് യന്ത്രത്തിലെ കൃത്രിമവും ഉപയോഗിച്ചു ത്രിപുരയിൽ ബിജെപി നേടിയ വിജയം താൽക്കാലികം മാത്രമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണ്. കേരള ഭരണം പിടിക്കാമെന്നതു നരേന്ദ്ര മോദിയുടെ മനസ്സിലെ പൂതി മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു.

ത്രിപുരയിൽ 1988ലും സിപിഎം തോറ്റിട്ടുണ്ട്. അന്നു കേന്ദ്രത്തിലെ അധികാരവും ആദിവാസി ഗോത്ര തീവ്രവാദ സംഘടനകളുടെ സഹായവും ഉപയോഗിച്ചു കോൺഗ്രസ് ജയിച്ചു. പക്ഷേ അഞ്ചു വർഷം കഴിഞ്ഞു സിപിഎം അധികാരത്തിൽ തിരിച്ചെത്തി. 2011ൽ പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതുപക്ഷം തോറ്റു. ഇപ്പോൾ ത്രിപുരയി‍ൽ മാത്രമായില്ലേ എന്നാണ് അന്നു ചിലർ ചോദിച്ചത്. കേരളത്തിൽ മാത്രമായില്ലേ എന്ന് ഇപ്പോൾ ചോദിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുമ്പോൾ വിജയവും പരാജയവും ഉണ്ടാവും. പാർലമെന്റിൽ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇന്ത്യയിൽ അധികാരത്തിൽ വന്നില്ലേ? ഇന്ദിരാഗാന്ധിയും ഇഎഎസും ജ്യോതിബസുവുമെല്ലാം തിര‍ഞ്ഞെടുപ്പിൽ തോൽക്കുകയും പിന്നീടു തിരിച്ചു വരികയും ചെയ്തിട്ടുണ്ട്–കോടിയേരി പറഞ്ഞു.