പൊതുനിരത്തിൽ കൂടുതൽ ക്യാമറകൾ വരും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊതുനിരത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 1004 ഇടങ്ങളിൽ ക്യാമറകളുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളും മറ്റും വച്ചിരിക്കുന്ന ക്യാമറകളുമുണ്ട്. ഗതാഗത പരിഷ്‌കരണം നടപ്പാകുമ്പോൾ അതിന്റെ ഭാഗമായി കൂടുതൽ സിസിടിവി ക്യാമറകൾ വരുമെന്നും വി.ജോയിയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.

∙ഐ ടി മേഖലയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ലംഘിച്ചാൽ ഇടപെടുമെന്നു മുഖ്യമന്ത്രി. ഐടി പാർക്കും കമ്പനികളുമായുള്ള ഉടമ്പടിയിൽ സേവന വേതന വ്യവസ്ഥകൾ പാലിക്കുമെന്ന വ്യവസ്ഥയുണ്ട്. ഇതു ലംഘിക്കുമ്പോൾ ബന്ധപ്പെട്ട കൺസൽറ്റേറ്റീവ് കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കും. കമ്പനികൾക്കെതിരായ നടപടികളിലേക്കു നീങ്ങുമ്പോൾ സ്ഥാപനം തന്നെ സംസ്ഥാനത്തിനോ, രാജ്യത്തിനോ പുറത്തേക്കു പോകുന്ന സ്ഥിതിയുണ്ടെന്നും എം.സ്വരാജിന്റെ സബ്മിഷനു മറുപടി നൽകവെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

∙കേരളത്തിൽ നാളികേര മിഷൻ തുടങ്ങുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. കെ.കൃഷ്ണൻകുട്ടിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. കർണാടക, തമിഴ്‌നാട് സർക്കാരുകളെക്കൂടി സഹകരിപ്പിച്ചു നാളികേര കൃഷി സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. കേന്ദ്ര സർക്കാരിന്റെ ഇറക്കുമതിനയം കേര കർഷകരെ ബാധിക്കുന്നതാണ്. കേരളം പലതവണ ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നുവെന്നും തുടർന്നും സമ്മർദം ചെലുത്തുമെന്നും മന്ത്രി അറിയിച്ചു.