Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയിൽ ഒളിവിതറി ചില കാവ്യചിന്തകൾ

Kerala Legislative Assembly

നിയമസഭയിലെ ചർച്ചകൾ കാവ്യകേളി, അക്ഷരശ്ലോകം തുടങ്ങിയ കലാരൂപങ്ങളിലേക്കു മുന്നേറുകയാണോ പിൻവാങ്ങുകയാണോയെന്നു സംശയം. പൊതുജനാരോഗ്യം, കുടുംബക്ഷേമം, സാമൂഹികക്ഷേമം വകുപ്പുകളുടെ ധനാഭ്യർഥനാ ചർച്ചകൾ തികച്ചും കവിതാമയമായിരുന്നു. പക്ഷേ, വിശക്കുന്നവനു വ്യാകരണം തിന്നാനോ ദാഹിക്കുന്നവനു കാവ്യരസം കുടിക്കാനോ പറ്റില്ലെന്നതു പ്രാപഞ്ചിക സത്യം. അതുവച്ചു നോക്കുമ്പോ‍ൾ കാവ്യകേളിയും അക്ഷരശ്ലോകമൊന്നും സഭയുടെ നിലവാരത്തെ പുഷ്ടിപ്പെടുത്തുന്ന ലക്ഷണമില്ല. പ്രത്യേകിച്ചും ധനാഭ്യർഥന ചർച്ചകളിൽ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള രൊക്കം പണത്തിന്റെയും സ്വാർഥത്തിന്റെയും കാര്യങ്ങളാണു ധനാഭ്യർഥന ചർച്ചയിൽ ഉയരേണ്ടതെന്നു വേണമെങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ കൂട്ടുപിടിച്ചു പറയാം.

രക്തസാക്ഷികളെ അപമാനിച്ചാൽ യു.പ്രതിഭാ ഹരിക്കു സഹിക്കില്ല. അവർ വന്നതു ചോരച്ചാലുകൾ നീന്തിക്കയറിയും തൂക്കുമരങ്ങളിലൂഞ്ഞാലാടിയുമാണ്. അതുകൊണ്ടു തന്നെ മെരുവെമ്പായിയിലെ മുസ്‌ലിം പള്ളിക്കു കാവൽ നിൽക്കുമ്പോൾ ആർഎസ്എസുകാരുടെ ആക്രമണത്തിൽ മരിച്ച യു.െക.കുഞ്ഞിരാമനെ പി.ടി.തോമസ് അപമാനിച്ചതു പ്രതിഭയ്ക്കു സഹിക്കാനാവില്ല. മുരുകൻ കാട്ടാക്കടയുടെ ‘രക്തസാക്ഷികൾ’ കവിതയിൽ നിന്നു സമൃദ്ധമായി ഉദ്ധരിച്ചാണ് അവർ പ്രതിരോധം തീർത്തത്. എന്തൊക്കെപ്പറഞ്ഞാലും പ്രതിഭാ ഹരിയുടെ ആലാപന മികവിനെ കുറച്ചുകാണാനാവില്ല.

അവർക്കു മറുപടി നൽകിയതു പ്രതിപക്ഷത്തെ കുട്ടിത്തരം കവി(പരാതിയുണ്ടെങ്കിൽ സ്മോൾടൈം പോയറ്റ് എന്നു മൊഴിമാറ്റാം)യായ എൽദോസ് പി.കുന്നപ്പിള്ളിയാണ്. ഉഷ്ണമുഷ്ണേന ശാന്തിയെന്ന പക്ഷക്കാരനാണ് എൽദോസ്. മുരുകൻ കാട്ടാക്കടയെന്ന രോഗത്തെ മുരുകൻ കാട്ടാക്കടയെന്ന മരുന്നു കൊണ്ടുതന്നെ വേണം ചികിൽസിക്കാൻ. രക്തസാക്ഷികളല്ല, മുരുകന്റെ ‘കണ്ണടകൾ’ എന്ന കവിതയായിരുന്നു പ്രതിഭ ഉദ്ധരിക്കേണ്ടതെന്ന് അദ്ദേഹം സമർഥിച്ചു: എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം/മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു കണ്ണടകൾ വേണം/രക്തംചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം’’ എന്നിങ്ങനെ പോയി എൽദോസിന്റെ കാവ്യകേളി.

കെ.ടി.ജലീലെന്നു കേൾക്കുന്നതിനു മുമ്പു തന്നെ മുസ്‌ലിം ലീഗുകാർക്കു കലികയറും. കെ.എൻ.എ.ഖാദറെന്നു കേട്ടാൽ സിപിഐക്കാർക്കും. രണ്ടു കൂട്ടർക്കും ന്യായങ്ങളുണ്ടാകാം. ലീഗുകാർ 44 പേരെ കൊലപ്പെടുത്തിയെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ.ടി.ജലീൽ ആരോപിച്ചതിന്റെ ആഘാതത്തിൽ നിന്നു ലീഗുകാർ മോചിതരായിട്ടില്ല. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവർ പാവങ്ങളാണ്. വി.പി.സജീന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘മീറ്റിങ്, ഈറ്റിങ്, മീറ്റിങ്, ഈറ്റിങ് എന്നതിനപ്പുറം അജൻഡയില്ലാത്തവർ.’’

എം.ഉമ്മറാണു ജലീലിനെതിരെ ആഞ്ഞടിച്ചത്. വായിൽ വന്നതു ജലീലിനു പാട്ട്, മേൽപ്പുരയില്ലാത്തവനെന്തു തീപ്പേടി, ഉഴക്കെണ്ണ വിറ്റാലും തലയ്ക്കെണ്ണ ബാക്കി, ജലീലിന് എന്തു വിറ്റാലും ലാഭം മാത്രമെന്നിങ്ങനെ പോയി ഉമ്മറിന്റെ അധിക്ഷേപം. കാരാട്ട് റസാഖിനെതിരെ കൊടുവള്ളിയിൽ ചില ലീഗുകാർ ഊരുവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തെ കാണുമ്പോൾ ലീഗുകാർ അസ്സലാമു അലൈക്കും പറയുന്നില്ല, കല്യാണത്തിനു വിളിക്കുന്നില്ല, സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു.... സംഗതി സത്യമാണെങ്കിൽ മനുഷ്യവകാശ കമ്മിഷൻ ഇടപെടേണ്ട കാലം അതിക്രമിച്ചു!

ഇന്നത്തെ വാചകം

കനൽ ഒരു തരി മതിയെന്നാണിവർ പറയുന്നത്. എന്നാൽ ഒരു തരിപോലും കാണുന്നില്ല. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയാണു ഡിവൈഎഫ്ഐയുടേത്.

∙വി.ടി.ബൽറാം