Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റമെന്നു കേട്ടാലോ തിളയ്ക്കണം ചോര..!

PT-Thomas

പോളണ്ടിനെക്കുറിച്ച് ആരെന്തൊക്കെപ്പറഞ്ഞാലും എസ്.രാജേന്ദ്രനു പ്രശ്നമല്ല. പക്ഷേ, മൂന്നാർ എന്ന വാക്ക് ആര് ഉച്ചരിച്ചാലും കലികയറും. കയ്യേറ്റമെന്നു കൂടിയുണ്ടെങ്കിൽ സമനില തെറ്റും. പക്ഷേ, പി.ടി.തോമസ് ഇതൊന്നും വകവച്ചു കൊടുക്കുന്ന കൂട്ടത്തിലല്ല. അദ്ദേഹം എന്നു പ്രസംഗിച്ചാലും മൂന്നാറും കയ്യേറ്റവുമുണ്ടാകും. വിഷയം അന്റാർട്ടിക്കയിലെ മഞ്ഞുരുകലായാലും അവയവദാനമായാലും മൂന്നാറും കയ്യേറ്റവുമില്ലാത്ത പ്രസംഗത്തെക്കുറിച്ചു ചിന്തിക്കാൻ പോലും പി.ടിക്കാവില്ല.

ഹൈക്കോടതി ഭേദഗതി ബിൽ ചർച്ചയിലാണു മൂന്നാറിൽ ജോയ്സ് ജോർജ് എംപി അടക്കമുള്ളവരുടെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കിയെന്ന അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആരോപണം കേട്ടിരിക്കാൻ ഭരണപക്ഷം തയാറല്ല. ക്രമപ്രശ്നങ്ങളുന്നയിച്ചു പി.ടിയുടെ പ്രസംഗത്തെ ശ്വാസംമുട്ടിക്കാനായി അവരുടെ ശ്രമം. പത്തോ പന്ത്രണ്ടോ ക്രമപ്രശ്നങ്ങളാണ് ഉന്നയിച്ചത്. അതിൽ എസ്.രാജേന്ദ്രനാണോ ടി.വി.രാജേഷാണോ മുന്നിട്ടുനിന്നതെന്നു വ്യക്തമല്ല.

മുഖ്യമന്ത്രി ഒരു വർഷമായി ഫയലിൽ അടയിരിക്കുകയാണെന്നും അതു പ്രസവിക്കുമോയെന്നും തോമസ് ചോദിച്ചപ്പോൾ ബഹളം ഉച്ചസ്ഥായിയിലായി. പരാമർശം നീക്കിയില്ലെങ്കിൽ‍ സഭയിൽ വീണ്ടും വീണ്ടും പ്രസവം നടക്കുമെന്നായി ഇ.എസ്.ബിജിമോൾ. ദയവായി അതു ചെയ്യരുതെന്നു തോമസ് പറഞ്ഞതോടെ ഭരണപക്ഷം കൂടുതൽ പ്രകോപിതരായി. 

സഭയിൽ ഇല്ലാത്ത ജോയ്സ് ജോർജിനെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കണമെന്ന് എസ്.രാജേന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഉണ്ടായിട്ടാണോ അദ്ദേഹത്തെക്കുറിച്ചു പലരും പ്രസംഗിക്കുന്നതെന്നു തോമസ് മറുചോദ്യമുന്നയിച്ചു. ക്രമപ്രശ്നങ്ങളും ബഹളവും തുടർന്നപ്പോൾ അദ്ദേഹം നയം വ്യക്തമാക്കി: നേരം വെളുത്താലും പറയാനുള്ളതു പറഞ്ഞിട്ടേ പോകുന്നുള്ളൂ.

ആ നയത്തിൽ അദ്ദേഹം ഉറച്ചുനിന്നപ്പോൾ, ഒരു മണിയുടെ വിമാനത്തിൽ ഡൽഹിക്കു പോകാനിരുന്ന മന്ത്രി എ.കെ.ബാലന്റെ യാത്ര മുടങ്ങി. ഒരു മണിക്കൂർ നീണ്ട പി.ടിയുടെ അഖണ്ഡ പ്രസംഗയജ്ഞം തീർത്തും അങ്ങനെ നിഷ്ഫലമായില്ല.

തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ഫണ്ട് നൽകാത്തതുകൊണ്ട് വികസനസ്തംഭനമാണെന്നായിരുന്നു പി.കെ.ബഷീർ നൽകിയ അടിയന്തര നോട്ടിസിന്റെ വിഷയം. ബഷീറിനു പഞ്ചായത്ത് ഒരു വികാരമാണ്. പഴയ പഞ്ചായത്ത് പ്രസിഡന്റ് ആയതു കൊണ്ടാണോ അതോ ഭാര്യ ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ആയതു കൊണ്ടാണോയെന്നു വ്യക്തമല്ല. പക്ഷേ, ബഷീറിന്റെ ആശങ്കകളെ മന്ത്രി തോമസ് ഐസക് നിസ്സാരവൽക്കരിച്ചു. തോട്ടിൻകരയിൽ എത്തിയിട്ടു പോരേ മുണ്ടു മടക്കിക്കുത്താൻ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ബഷീർ ഏതായാലും മടക്കിക്കുത്തിയല്ല സഭയിൽ വന്നത്. 

ഇന്നത്തെ വാചകം

പി.ടി.തോമസ് : കയ്യേറ്റമെന്നു കേട്ടാൽ എസ്.രാജേന്ദ്രൻ ചാടിയെഴുന്നേൽക്കും. എന്നെക്കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ എന്ന പോലെയാണിത്.