Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയിലൊരു അൽക്കാപുൽക്കോ...

Kerala Assembly

അൽക്കാപുൽക്കോയെക്കുറിച്ച് എന്തറിയാം? കഷ്ടകാലം തലയിലും കാലിലും ഒരുപോലെ പിടിച്ച ഒരു ഉദ്യോഗാർഥിയോടു പിഎസ്‌സി ഇന്റർവ്യു ബോർഡ് ചോദിച്ച ചോദ്യമാണ്. ബാക്കിയെല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞ ശേഷമാണ് ഈ പൂഴിക്കടകൻ. മിനിമം മര്യാദ വച്ചു നോക്കിയാൽ ഉദ്യോഗാർഥിക്കു നിയമനം നൽകാൻ ബോർഡിനു താൽപര്യമില്ലെന്നു ചുരുക്കം.

കെഎൻഎ ഖാദറാണു പിഎസ്‌സിക്കാരുടെ കണ്ണിൽച്ചോരയില്ലാത്ത ചോദ്യങ്ങളുടെ കെട്ടഴിച്ചത്. അതിന് അദ്ദേഹത്തെ പ്രകോപിപ്പിച്ചതു മുൻ പിഎസ്‌സി‌ അംഗമായ കെ.യു.അരുണൻ. സാങ്കേതിക സർവകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ കെഎൻഎ ഖാദർ തട്ടുംതടവുമില്ലാതെ മുന്നേറുന്നതു കണ്ടപ്പോഴാണ് അരുണൻ മാഷ് ഇടപെട്ടത്: ആൽഡസ് ഹക്സ്‌ലിയുടെ ‘ബ്രേവ് ന്യൂ വേൾഡ്’ വായിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഉത്തരം കാത്തുനിൽക്കാതെ അടുത്ത ചോദ്യവും വന്നു: ‘ബ്രേവ് ന്യൂ വേൾഡ് റീ വിസിറ്റഡ്’ വായിച്ചിട്ടുണ്ടോ? വായനയുടെ പരമാചാര്യനായ ഖാദർ സായ്‌വ് തകർന്നു പോയി. അടുത്ത തവണ പ്രസംഗിക്കാൻ വരുമ്പോൾ ഹൂ ഈസ് ഹൂ (ഇന്നവനാര്) വായിച്ചിട്ടു വരാമെന്നു പറഞ്ഞിട്ടും അരുണൻ മാഷ് അടങ്ങിയില്ല.

അൽക്കാപുൽക്കോയുടെ കാര്യം എടുത്തിട്ടതാണു മുൻ പിഎസ്‌സി അംഗമായ അരുണൻ മാഷെ പ്രകോപിപ്പിച്ചത്. മാഷ് പിഎസ്‌സി അംഗമായിരുന്നുവെന്നതു മനസാവാചാ കർമണാ അറിയില്ലെന്നു ഖാദർ ആണയിട്ടിട്ടും പ്രയോജനമുണ്ടായില്ല. റബറിന്റെ കാര്യം വന്നാൽ പണ്ടെല്ലാം കേരള കോൺഗ്രസുകൾ എ മുതൽ സെഡ് വരെയുള്ള ഗ്രൂപ്പുകൾ ഒറ്റക്കെട്ടായിരുന്നു. ഇപ്പോൾ അതും പോയി. മോൻസ് ജോസഫിനു റബറിനോടാണു പഥ്യമെങ്കിൽ പി.സി.ജോർജിനു റബർ ചതുർഥിയാണ്.

റബറെല്ലാം വെട്ടിമാറ്റി വേറെയെന്തെങ്കിലും കൃഷി നടത്തണമെന്നാണു പൂഞ്ഞാർ പുലിയുടെ അഭിപ്രായം. സ്വന്തമായുള്ള ആറരയേക്കർ റബർ തോട്ടം വെട്ടിവെളുപ്പിച്ചു കാട്ടുകടുക്ക നട്ടുവെന്ന് അദ്ദേഹം പണ്ടേ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. കെഎൻഎ ഖാദറിന്റെ പ്രസംഗത്തിനിടയിൽ ഇടപെടാൻ ശ്രമിച്ച സജി ചെറിയാനോട് അദ്ദേഹം സൗമനസ്യം കാട്ടി. താനും ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഉൽപന്നമാണെന്നു പറ‍ഞ്ഞായിരുന്നു അത്.

ഇന്നത്തെ വാചകം

മുഖ്യമന്ത്രി പിണറായി വിജയൻ: സബ്മിഷന്റെ കാര്യത്തിലും കേരള കോൺഗ്രസ് പ്രശ്നം ചർച്ച ചെയ്യേണ്ടതുണ്ടോ? അല്ലാതെ തന്നെ കേരള കോൺഗ്രസ് കാര്യം ഒരുപാടു ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ?