Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ പുറത്താക്കണം; അതിനു കോൺഗ്രസ് കൂട്ടു വേണ്ട: കേരള സിപിഎം

CPM FLAG

തിരുവനന്തപുരം∙ ബിജെപിക്കെതിരെ കോൺഗ്രസുമായി മുന്നണിയോ രാഷ്ട്രീയ ധാരണയോ പറ്റില്ലെന്ന നിലപാടിൽ ഉറച്ചു സിപിഎം കേരള ഘടകം. ഹൈദരാബാദിൽ ഏപ്രിലിൽ ചേരുന്ന പാ‍ർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ചയിലാണു കോൺഗ്രസിനെ അടുപ്പിക്കരുതെന്ന വാദം കടുപ്പിച്ചത്. 

ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കുകയാണു മുഖ്യ കടമയെന്ന അഭിപ്രായത്തിൽനിന്നു പിന്നോട്ടില്ല. അതിനായി ജനങ്ങളുടെ ഐക്യനിര ഉയർത്തുമ്പോൾ ആരെയും മാറ്റിനിർത്തുകയും വേണ്ട. എന്നാൽ കോൺഗ്രസിനെ ഒപ്പംകൂട്ടി മുന്നണിയുണ്ടാക്കി ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ശ്രമിച്ചാൽ അതിനു വിശ്വാസ്യതയില്ല– ചർച്ചയുടെ പൊതു സ്വഭാവം ഇതായിരുന്നു. ഇക്കാര്യത്തിൽ കരടു രാഷ്ട്രീയ പ്രമേയം മുന്നോട്ടുവയ്ക്കുന്ന വാദഗതികളെ പൊതുവിൽ കമ്മിറ്റി അംഗീകരിച്ചു. 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള കരടു പ്രമേയം വിശദീകരിച്ചശേഷമാണു ചർച്ച നടന്നത്. തൃശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗമായിരുന്നു ഇന്നലത്തേത്. 

ബിജെപിക്കെതിരെയുള്ള വോട്ടുകൾ ഭിന്നിച്ചുപോകുന്ന നിലയുണ്ടാകരുതെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എന്നാൽ അതിനർഥം കോൺഗ്രസുമായി രാഷ്ട്രീയ മുന്നണി ഉണ്ടാക്കണമെന്നല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റു മാത്രമാണു കോൺഗ്രസിനു ലഭിച്ചത്. ത്രിപുരയിൽ സിപിഎം തോറ്റയിടത്ത് അവർ തുടച്ചുനീക്കപ്പെട്ടു. അതിനു പിന്നാലെ യുപിയിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ കെട്ടിവച്ച കാശുപോയി. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ കൂട്ടുപിടിച്ചാലേ ബിജെപിയെ തോൽപിക്കാൻ പറ്റൂവെന്ന വാദത്തിനു പ്രസക്തിയില്ലെന്ന അഭിപ്രായമാണു കമ്മിറ്റിയിലുയർന്നത്. കോൺഗ്രസ് ബന്ധത്തിനുവേണ്ടി നിലകൊള്ളുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെയും അഭിപ്രായത്തിനെതിരെ നിൽക്കുന്ന കേരള ഘടകം അതേ സമീപനവുമായിട്ടാകും പാർട്ടി കോൺഗ്രസിനെ സമീപിക്കുകയെന്നും വ്യക്തമായി. 

രാഷ്ട്രീയ പ്രമേയത്തിൽ ചില ഭേദഗതികൾ അംഗങ്ങൾ നിർദേശിച്ചതു കമ്മിറ്റി അംഗീകരിച്ചു. എന്നാൽ ഇതു പ്രധാനപ്പെട്ട നയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നു നേതാക്കൾ പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൊതുവി‍ൽ അവലോകനം ചെയ്തു യോഗം പിരിഞ്ഞു.

related stories