പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും ആയുധപരിശീലനം നടത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തു പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും പോലയുള്ള സംഘടനകൾ ആയുധപരിശീലനം നടത്തുന്നുണ്ടെന്നും അനധികൃതമായ പരിശീലനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആരാധനാലയങ്ങളുടെ പരിസരങ്ങളിലെയടക്കം ആയുധ പരിശീലനം തടയുന്നതിന്‌ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും.

പൊലീസ്‌ ആക്ടിലെ വകുപ്പുകൾക്കനുസൃതമായി ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്‌. ചില ആരാധനാലയങ്ങളുടെ പരിസരങ്ങൾ, സ്‌കൂൾ വളപ്പുകൾ, സ്വകാര്യവ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച്‌ ആർഎസ്‌എസ്‌ ദണ്ഡ്‌ ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. കേരള പൊലീസ്‌ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികൾ ഉൾക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി, സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെർമിറ്റില്ലാതെ ആർക്കും അനുവദിക്കാനും പാടില്ല.

ജില്ലാ മജിസ്‌ട്രേറ്റിനു കായികപരിശീലനം നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്. സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാർ ആയുധപരിശീലനത്തിൽ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാൽ നടപടിയെടുക്കും. പൊതുസ്ഥലങ്ങളിൽ മതസംഘടനകളുടേതുൾപ്പെടെയുള്ള ചിഹ്നങ്ങൾ സ്ഥാപിക്കുന്ന രീതിയുണ്ട്‌. ഇത്തരം വിഷയങ്ങളിൽ എല്ലാ സംഘടനകളുടെയും ഏകീകൃത നിലപാടാണു വേണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.