Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിൽ വയൽക്കഴുകൻ; സൈലന്റ്‍വാലിയിൽ കാണ്ടാമൃഗം

keezhattoor

സാമ്രാജ്യത്വം, ഫാഷിസം, ഒടിയൻമാർ തുടങ്ങിയവർ തമ്മിൽ ഒരു കാര്യത്തിൽ സാമ്യമുണ്ട്. അവർ ഏതു രൂപത്തിലും വരും. ചിലപ്പോൾ വയൽക്കിളികളായി, ചിലപ്പോൾ വയൽക്കഴുകൻമാരായി.

തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപാസിനുവേണ്ടി വയൽ നികത്തുന്നതിനെതിരെ സമരം ചെയ്യുന്ന വയൽക്കിളികൾക്കു പിന്നിൽ സാമ്രാജ്യത്വവും ഫാഷിസവുമാണെന്നാണു മന്ത്രി ജി.സുധാകരൻ കണ്ടുപിടിച്ചത്. സംഗതി സത്യമാണെങ്കിൽ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽത്തന്നെ ഇരുളിന്റെ മറപറ്റി, പതുങ്ങിപ്പതുങ്ങി വരുന്ന ഐറ്റങ്ങളാണ് ഇവയെല്ലാം. ഫാഷിസവും സാമ്രാജ്യത്വവും ഒത്തൊരുമിച്ച് അവിടെയെത്തിയെന്നു മന്ത്രി പറഞ്ഞതു ശരിയാണെങ്കിൽ ആകമാന മലയാളികളും ഉണർന്നു പ്രവർത്തിക്കേണ്ട നേരം അതിക്രമിച്ചു. ഇല്ലെങ്കിൽ കീഴാറ്റൂർ വഴി അവ തിരുവനന്തപുരത്തെത്താൻ അധികനേരം വേണ്ടിവരില്ല.

വയൽക്കിളികളുടെ സമരത്തെക്കുറിച്ചു വി.ഡി.സതീശന്റെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോഴാണു മന്ത്രിക്കു സമരക്കാർ കിളിയാണോ കഴുകനാണോ എന്ന സംശയമുണ്ടായത്. വേണമെങ്കിൽ ഇതിനെ രജ്ജുസർപ്പവിഭ്രാന്തിയെന്നും വിളിക്കാം. കയറു കണ്ടു പാമ്പാണെന്നു തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥ. പോരാത്തതിനു ചില മാരീചൻമാരും കീഴാറ്റൂരിൽ ഇറങ്ങിയിട്ടുണ്ടെന്നാണു മന്ത്രി പറയുന്നത്. അവിടെ മാവോയിസ്റ്റുകളാണു കുളം കലക്കുന്നതെന്നാണ് ഇ.പി.ജയരാജന്റെ പക്ഷം.

മാരീചനെയല്ല, അധികാരത്തിന്റെ പുഷ്പകവിമാനത്തിൽ സീതാപഹരണത്തിനു വന്ന ദശാസ്യനായ രാവണനെയാണു കീഴാറ്റൂരിൽ കണ്ടതെന്നായി വി.ഡി.സതീശൻ. കീഴാറ്റൂരിൽ കീഴാറ്റൂരുകാർ മാത്രം സമരം ചെയ്താൽ മതിയെന്നു പറയുന്ന സിപിഎം നേതാക്കളോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസക്തമായ രണ്ടു ചോദ്യം ഉന്നയിച്ചു: മഹാരാഷ്ട്രയിൽ കർഷകരുടെ ലോങ്മാർച്ചിൽ പങ്കെടുത്ത കെ.കെ.രാഗേഷിനും വിജു കൃഷ്ണനും അവിടെ കൃഷി വല്ലതുമുണ്ടോ? ക്യൂബയിൽ വിപ്ലവം നടത്താൻ ചെന്ന അർജന്റീനക്കാരനായ ചെ ഗവാരയോടു ക്യൂബക്കാർ നാടേതെന്ന് അന്വേഷിച്ചിരുന്നോ? ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ തന്നെ.

മൂന്നു ധനാഭ്യർഥനകൾ, നാലു ബില്ലുകൾ – വേണമെങ്കിൽ പാതിരാ വരെ ചർച്ചയാകം. എന്നാൽ എല്ലാം മിതമായും സാരമായും മതിയെന്നു സ്പീക്കർ. പക്ഷേ മന്ത്രി കെ.കെ.ശൈലജ ഒരു ഉപക്ഷേപത്തിനു നൽകിയ മറുപടി ഏഴു മിനിറ്റ് കഴിഞ്ഞിട്ടും തീർന്നില്ല. ബാക്കി മറുപടി മേശപ്പുറത്തും വച്ചിട്ടാണു മന്ത്രി പിൻവാങ്ങിയത്. ‘നോ ഫുൾസ്റ്റോപ്സ് ഇൻ ഇന്ത്യ’ എന്ന പേരിൽ പുസ്തകമെഴുതാൻ ബിബിസി ലേഖകൻ മാർക് ടുലിക്കു പ്രചോദനമായത് ആരെന്നതിൽ ഇതോടെ തീർപ്പായി.

ധനാഭ്യർഥന ചർച്ചയിൽ അട്ടപ്പാടിയിലെ ആദിവാസി മധു കാട്ടിലെ ഗുഹയിൽ താമസമാക്കിയത് ഏതു സർക്കാരിന്റെ കാലത്താണെന്ന തർക്കമായിരുന്നു. നാലു വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നു ചിറ്റയം ഗോപകുമാർ പറയുമ്പോൾ 10 വർഷം മുമ്പു വിഎസ് സർക്കാരിന്റെ കാലത്താണെന്നു വി.പി.സജീന്ദ്രനു തീർച്ച. ഗുഹയിൽ താമസിച്ചിരുന്ന മധുവിനെ ആനയും കടുവയും കാണ്ടാമൃഗവുമെല്ലാം കണ്ടിട്ടും ഉപദ്രവിച്ചില്ലെന്നു സജീന്ദ്രൻ പറഞ്ഞപ്പോൾ സംശയമായി. കേരളത്തിലെ വനങ്ങളിൽ കാണ്ടാമൃഗവുമുണ്ടോ? ഉണ്ടായിരിക്കാം. സൈലന്റ്‌വാലിയിൽ പുറംലോകമറിയാതെ കാണ്ടാമൃഗവും കണ്ടേക്കും. സജീന്ദ്രൻ വീൺവാക്കു പറയുന്നയാളല്ല.

ഇന്നത്തെ വാചകം

ലഹരിയോടുള്ള ആസക്തി മനുഷ്യനു മാത്രമല്ല, മൃഗങ്ങൾക്കുമുണ്ട്. ഋഗ്വേദത്തിൽ സോമ, സുര തുടങ്ങി എട്ടിനം മദ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അകനാനൂറിൽ സ്ത്രീകൾ ഉപയോഗിക്കുന്ന മുന്നീർ എന്ന മദ്യത്തെക്കുറിച്ചു പരാമർശമുണ്ട്.

ജോൺ ഫെർണാണ്ടസ്