Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുദ്ധജല വിതരണം: കർശന നിർദേശങ്ങളുമായി സർക്കാർ

മലപ്പുറം ∙ ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ശുദ്ധജല വിതരണം നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കു ചെലവാക്കാവുന്ന തുക, ശുദ്ധജലം കൊണ്ടുപോകാനുള്ള വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. ജലവിതരണത്തിനായി തദ്ദേശസ്ഥാപനങ്ങൾക്കു പ്ലാൻ ഫണ്ടിൽനിന്നു തുകയെടുക്കാൻ അനുമതിയുണ്ട്. എന്നാൽ, എത്ര തുക ചെലവാക്കാം എന്നതു സംബന്ധിച്ചു കർശന നിബന്ധനകളുണ്ട്. ഈ 31 വരെ പഞ്ചായത്തുകൾക്ക് അഞ്ചരലക്ഷം രൂപ ചെലവഴിക്കാനേ അനുവാദമുള്ളൂ. നഗരസഭകൾക്കു 11 ലക്ഷവും കോർപറേഷനുകൾക്കു 16.50 ലക്ഷവും വിനിയോഗിക്കാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ രണ്ടുമാസം പഞ്ചായത്തുകൾക്കു 11 ലക്ഷവും നഗരസഭകൾക്കു 16.50 ലക്ഷവും കോർപറേഷനുകൾക്ക് 22 ലക്ഷം രൂപയും ചെലവാക്കാം.

ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച ടാങ്കർ ലോറികളിലേ വെള്ളം വിതരണം ചെയ്യാവൂ. കഴിഞ്ഞ വർഷവും ഇതേ നിർദേശം സർക്കാർ നൽകിയിരുന്നു. കലക്ടർമാർക്കു ജിപിഎസ് പരിശോധിക്കാൻ കഴിയണം. പഞ്ചായത്തുവകുപ്പിനാണ് ഇതിന്റെ ചുമതല. വാഹനത്തിന്റെ ലോഗ് ബുക്ക്, ജിപിഎസ് എന്നിവ പരിശോധിച്ചശേഷമേ തുക വിതരണം ചെയ്യാവൂ എന്നു തദ്ദേശ സെക്രട്ടറിമാരോടു നിർദേശിച്ചിട്ടുണ്ട്. ശുദ്ധജലവിതരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഓരോ രണ്ടാഴ്ചയിലും കലക്ടർമാർക്കു സമർപ്പിക്കണം. റവന്യു വകുപ്പ് വാട്ടർ കിയോസ്കുകൾ സ്ഥാപിച്ച മേഖലകളിലും ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്കു ശുദ്ധജല വിതരണം നടത്താം.