Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഡ്സ്‍വർത് അറിഞ്ഞില്ല ഈ സ്വർഗീയ സഞ്ചാരം!

Kerala Legislative Assembly

കവിതയെക്കുറിച്ചു പല നിർവചനങ്ങളുണ്ട്. അതിൽ ഏറ്റവും ആധികാരികമെന്നു പുകഴ്പെറ്റതു വില്യം വേഡ്സ്‌വർതിന്റെയാണ്. ‘‘പോയട്രി ഈസ് ഇമോഷൻ റീകലക്ടഡ് ഇൻ ട്രാൻക്വിലിറ്റി’’ എന്നാണത്. എന്നാൽ അതിനെ അതിശയിപ്പിക്കുന്ന നിർവചനം കെ.യു.അരുണൻ നൽകി: കവിത പഠിപ്പിക്കാനുള്ളതല്ല. ആസ്വദിക്കാനുള്ളതാണ്. പഠിപ്പിക്കുമ്പോൾ ചില നെറികേടുകൾ കാട്ടേണ്ടി വരും. വൃത്തവും അലങ്കാരവും വ്യാകരണവുമൊക്കെ പഠിപ്പിക്കേണ്ടി വരും.’’

നാട്ടിക എസ്എൻ കോളജിലെ മലയാളം മാഷായിരുന്ന അദ്ദേഹം നിർവചനം അവിടം കൊണ്ടവസാനിപ്പിച്ചില്ല. ‘‘നിശബ്ദതയിൽ ചാരുകസേരയിൽ കിടന്നു വായിച്ച് അതിവിസ്തൃതവും വിഭിന്നവുമായ ആർജിത സംസ്കാരത്തിന്റെ മഹനീയ മേഖലകളിലേക്കു സ്വർഗീയ സഞ്ചാരം നടത്താനുള്ളതാണ്.’’ വില്യം വേഡ്സ്‌വർതും ഇദ്ദേഹവും ഒന്നിച്ച് എംഎ പരീക്ഷയെഴുതിയാൽ മാഷിന് ഫസ്റ്റ് റാങ്ക് ഉറപ്പ്. വേഡ്‌സ്‍വർതിനു തേഡ് ക്ലാസ് കിട്ടണമെങ്കിൽ കനത്ത മോഡറേഷൻ നൽകേണ്ടി വരും. തന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്നു ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതാണു പശ്ചാത്തലം. എൽകെജി കുട്ടി ബാലരമ വായിക്കുന്നതു പോലെയല്ല എകെജിയുടെ ജീവചരിത്രം വായിക്കേണ്ടതെന്ന് ആർ.രാജേഷ് ഉപദേശിച്ചതു വി.ടി.ബൽറാമിനെയാണ്.

കേരളത്തിൽ വൈറ്റ് കോളർ ക്രിമിനലുകൾ വർധിച്ചു വരികയാണെന്നു മന്ത്രി ജി.സുധാകരൻ പറയുന്നു. ട്രെയിനുകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നു യു.പ്രതിഭാ ഹരി ഉന്നയിച്ച ഉപക്ഷേപത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. വൈറ്റ് കോളർ ക്രിമിനലുകളെ കണ്ടാൽ മാന്യന്മാരെന്നു തോന്നും. പക്ഷേ, സൂക്ഷിക്കണം. കാടിന്റെ മക്കൾക്കു വനാവകാശ നിയമം നൽകിയതു പോലെ കടലിന്റെ മക്കൾക്കു കടലവകാശ നിയമവും വേണമെന്നു ഹൈബി ഈഡൻ ആവശ്യപ്പെട്ടു. രാഹുൽഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിൽ സിപിഎമ്മുകാർ അസഹിഷ്ണുത കാട്ടുന്നതിന്റെ യുക്തി വി.ടി.ബൽറാമിനു പിടികിട്ടുന്നില്ല. തങ്ങൾക്കാർക്കും തലയിൽ മുണ്ടിട്ടു കാടാമ്പുഴ ക്ഷേത്രത്തിൽ പോയി പൂമൂടലോ ശത്രുസംഹാര പൂജയോ നടത്തേണ്ട ഗതികേടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് കമ്യൂണിസ്റ്റ് വിരുദ്ധ നുണകൾ പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയ രണ്ടുപേരാണു വില്യം ഹേസ്റ്റും റോബർട്ട് കോൺക്വസ്റ്റുമെന്ന് എം.സ്വരാജ് വിശദീകരിച്ചു.   ഇവരെ ഉദ്ധരിച്ചു പ്രസംഗിക്കുന്നവർ ലെനിനെക്കുറിച്ചു നെഹ്റു പറഞ്ഞതു മാത്രം കാണുന്നില്ല. കഴിഞ്ഞ ദിവസം ലെനിനെ റെഡ് ടെററിസ്റ്റ് എന്നു പി.ടി.തോമസ് വിശേഷിപ്പിച്ചതാണു പ്രകോപനം.

ഇന്നത്തെ വാചകം

'ലീഗുകാർക്കു വി.പി.സജീന്ദ്രൻ പറഞ്ഞ പോലെ മീറ്റിങ്, ഈറ്റിങ്ങല്ല. ഈറ്റിങ്, മീറ്റിങ്ങാണ്. ഈറ്റിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ മീറ്റിങ് ചേരും. സിഎച്ചിന്റെ കാലത്തു നിന്നു കെ.എം.ഷാജിയുടെ കാലത്തെത്തിയപ്പോൾ അത് ഇഎംസി ആയി. അതായത് ഈറ്റിങ്, മീറ്റിങ്, ചീറ്റിങ്.' - എ.എൻ.ഷംസീർ