Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനേമില്ല വാലുമില്ല; പിന്നെന്ത് അച്ഛേ ദിൻ

Kerala Legislative Assembly

തിരുവഞ്ചൂർ രാധാകൃഷ്ണനു ഹിന്ദിയിൽ പിടിപാടു സ്വൽപം കുറവാണ്. അതുകൊണ്ടാണ് ‘അച്ഛേ ദിൻ ആനേ വാലാ ഹേ’ എന്നു ബിജെപിക്കാർ പറഞ്ഞപ്പോൾ ആനയോ അതുമില്ലെങ്കിൽ ആനവാലെങ്കിലും കിട്ടുമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചത്. ആനവാലെങ്കിലും കിട്ടിയാൽ വല്ല വളയോ മോതിരമോ പണിയിക്കാമെന്നു കരുതി. ഒടുവിൽ ആനയുമില്ല, ആനവാലുമില്ല.

തിരുവഞ്ചൂരിനു കേന്ദ്ര സർക്കാരിനോടു കോപം തോന്നുന്നതു സ്വാഭാവികം. അതിനാൽ പെട്രോളിയം ഉൽപന്ന വില ക്രമാതീതമായി വർധിക്കുന്നതിനെതിരെ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത് അതിലും സ്വാഭാവികം. കേന്ദ്രത്തെ പ്രഹരിക്കുന്ന കൂട്ടത്തിൽ സംസ്ഥാന സർക്കാരിനെയും അദ്ദേഹം ചമ്മട്ടിപ്രയോഗത്തിനു വിധേയമാക്കി. 

ഇന്ത്യയിൽ നിന്നു ഡീസൽ കൊണ്ടുപോകുന്ന നേപ്പാളിൽ അതിന്റെ വില ഇന്ത്യയിലേതിനെക്കാൾ കുറവാണെന്നു പറഞ്ഞ തിരുവഞ്ചൂരിന് അടുത്ത ജന്മം നേപ്പാളിൽ ജനിച്ചാൽ മതിയെന്നാണ് ആഗ്രഹം.

തിരുവഞ്ചൂർ കത്തിക്കയറിയപ്പോൾ എ.എൻ.ഷംസീറിനു സഹിച്ചില്ല. അദ്ദേഹം എന്തോ ഭാവപ്രകടനം നടത്തി. കുട്ടികളല്ലേ, കരുണ കാണിക്കേണ്ടേ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. താനും ആദ്യം സഭയിൽ വന്നപ്പോൾ സാന്നിധ്യം ബോധ്യപ്പെടുത്താനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും ഇതെല്ലാം കാണിച്ചിട്ടുണ്ടെന്നു തിരുവഞ്ചൂർ കുമ്പസാരിച്ചതോടെ ഷംസീറിന്റെ ഭാവാവിഷ്കാരം സ്വാഭാവിക ചരമമടഞ്ഞു.

ധനമന്ത്രി തോമസ് ഐസക് ബിജെപി സർക്കാരിനു വേണ്ടി ഗൗണില്ലാത്ത വക്കീലായി വാദിക്കുന്നുവെന്നു തിരുവഞ്ചൂർ പറഞ്ഞപ്പോൾ എണ്ണക്കമ്പനികൾക്കു വേണ്ടി വാദിക്കുന്നതു തിരുവഞ്ചൂരാണെന്ന് ഐസക് തിരിച്ചടിച്ചു. ഇന്ധനവിലയുടെ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ഈ സർക്കാർ അതിന്റെ പങ്കുപറ്റുകയാണെന്നായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം പാവപ്പെട്ടവന്റെ വീടു കത്തിക്കുമ്പോൾ സംസ്ഥാനം അവിടെ ചെന്നു വാഴ വെട്ടുകയാണെന്നു പറഞ്ഞ് എം.കെ.മുനീർ ഒരു ചുവടു കൂടി മുന്നിലെത്തി.

വി.ടി.ബൽറാമും പി.ടി.തോമസും വ്യത്യസ്ത ജനുസിൽ പെട്ട കോൺഗ്രസുകാരാണ്. വിയോജിക്കാനുള്ള അവകാശം അവർക്കു ജന്മസിദ്ധം. എന്നാൽ ചില അൺ എയ്ഡഡ് മെഡിക്കൽ കോളജുകളിൽ കോടികൾ തലവരി കൊടുത്തു പ്രവേശനം നേടിയ എട്ടുംപൊട്ടും തിരിയാത്ത കുട്ടികളുടെ കാര്യം വരുമ്പോൾ വിയോജിക്കാനുള്ള അവകാശത്തിനു പി.ടി.തോമസ് അവധി കൊടുക്കും.

അച്ഛനമ്മമാർ കുടുക്കയിലിട്ട കാശു കൊണ്ടാണു തലവരി കൊടുത്തതെന്നു മനസ്സിലായാൽ ആദർശത്തിന്റെ ആൾരൂപങ്ങൾക്കു പോലും ചാഞ്ചാട്ടമുണ്ടാകും. എന്നാൽ ബൽറാമിന്റെ നെഞ്ചിൽ കരിങ്കല്ലാണ്. ബിൽ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും പച്ചയായ വിദ്യാഭ്യാസക്കച്ചവടത്തെ പിന്തുണയ്ക്കുന്നതുമാണെന്ന അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമില്ല. ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്നു കവി പറഞ്ഞതു ബൽറാമിനെ മുൻകൂട്ടിക്കണ്ടാവും. 

ഇന്നത്തെ വാചകം

∙ 'മാർക്സിസ്റ്റ് സിദ്ധാന്തം തന്നെ വൈരുധ്യാത്മകമാണ്. മന്ത്രി തോമസ് ഐസക് പണ്ടു പറഞ്ഞതിനു വിരുദ്ധമായി ഇപ്പോൾ പറയുന്നതിൽ അത്ഭുതമില്ല.' - കെ.എം.മാണി