Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ കേരളത്തിലേക്ക് ദൃഢനിശ്ചയത്തോടെ; ഫ്യൂച്ചർ സമ്മേളനത്തിനു കൊച്ചിയിൽ തുടക്കം

future-conference കൊള്ളാമല്ലോ!: കൊച്ചിയിൽ ആരംഭിച്ച #ഫ്യൂച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രദർശിപ്പിച്ച യന്ത്ര മനുഷ്യനെ കൗതുകപൂർവം നോക്കുന്നു. ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാരസമിതി കൺവീനർ വി.കെ. മാത്യൂസ്, ചീഫ് സെക്രട്ടറി പോൾ ആന്റണി, ഐടി ഉന്നതാധികാര സമിതി ചെയർമാൻ എസ്.ഡി. ഷിബുലാൽ എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ നൂറിലേറെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം ആപ്–എം കേരളം–മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയതോടെ ഡിജിറ്റൽ കേരളം ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ ഫ്യൂച്ചർ സമ്മേളനത്തിനു തുടക്കമായി.

കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റാനും ആഗോളതലത്തിൽ മൽസരത്തെ അതിജീവിക്കാനും ഉന്നത വിദ്യാഭ്യാസ രംഗം നവീകരിക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ എല്ലാ രംഗത്തും സ്വീകരിക്കപ്പെടണം. ഇന്റർനെറ്റ് ലഭ്യത തന്നെ പൗരാവകാശമാക്കി മാറ്റിയ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വളരുന്നതിന് അനുകൂലമാണ്. ജീവിത ശൈലിയും പ്രവർത്തന രീതികളും അതനുസരിച്ചു മാറ്റണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് ഓരോ വർഷവും ആയിരം പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ എർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സമ്മേളനത്തിലെ പ്രതിനിധികൾക്ക് ഇവിടെ ഒരു വർഷത്തേക്കു സൗജന്യ വൈഫൈ ലഭിക്കും. വിവിധ കേന്ദ്രങ്ങളിലായി ഡിജിറ്റൽ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് ഒരു കോടി ചതുരശ്രയടി സ്ഥലം ഒരുക്കുമെന്നും പിണറായി പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആന്റണി, ഐടി സെക്രട്ടറി എം. ശിവശങ്കർ, ഐടി ഉന്നതാധികാര സമിതി ചെയർമാൻ എസ്.ഡി. ഷിബുലാൽ, കൺവീനർ വി.കെ. മാത്യൂസ് എന്നിവർ പ്രസംഗിച്ചു.