Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയിൽ ചോദ്യച്ചോർച്ച

exam-01

തിരുവനന്തപുരം ∙ രണ്ടാംവർഷ ഹയർ സെക്കൻഡറി ഫിസിക്സ് ചോദ്യക്കടലാസ് ചോർത്തി വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോർന്നതായി തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ചു പിന്നീടു തീരുമാനമെടുക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.

ബുധനാഴ്ചത്തെ പരീക്ഷയുടെ ചോദ്യക്കടലാസ് വാട്ട്സാപ് വഴി ചിലർ പ്രചരിപ്പിച്ചതായാണു പരാതി. തൃശൂർ ജില്ലാ കോഓർഡിനേറ്റർക്കു വാട്സാപ് വഴി ചോദ്യക്കടലാസ് ലഭിച്ചതിനെ തുടർന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇതു ഹയർ സെക്കൻഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ.ഇമ്പിച്ചിക്കോയയ്ക്ക് അയച്ചുകൊടുത്തു. ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലാണുള്ളത്. തുടർന്നു ഹയർ സെക്കൻഡറി ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.

ട്യൂഷൻ സെന്ററുകളിലോ ക്ലാസ് റൂമുകളിലോ അധ്യാപകർ പറഞ്ഞുകൊടുത്തതെന്ന മട്ടിലാണു ചോദ്യംപ്രചരിക്കുന്നത്. ആദ്യം ലഭിച്ച 23 ചോദ്യങ്ങളിൽ നാലു മാർക്കിന്റെ രണ്ടു ചോദ്യങ്ങൾ അതേപടി പകർത്തിയിരിക്കുകയായിരുന്നു. പിന്നീടു ലഭിച്ച ചോദ്യങ്ങളിൽ നാലു ചോദ്യങ്ങളാണ് അതേപടി പകർത്തിയിരിക്കുന്നത്. കോളജ് അധ്യാപകൻ ചെയർമാനും മൂന്നു ഹയർ സെക്കൻഡറി അധ്യാപകർ അംഗങ്ങളുമായ സമിതിയാണു ചോദ്യക്കടലാസ് തയാറാക്കുന്നത്. പരീക്ഷയ്ക്കു മുൻപാണു ചോർന്നതെങ്കിൽ ഗുരുതരമാണ്. പരീക്ഷയ്ക്കു ശേഷമാണു പ്രചരിപ്പിച്ചതെങ്കിൽ പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമമാണെന്നു സംശയിക്കണം. എത്രയുംവേഗം കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ ചോർച്ചയിൽ നടപടിയില്ല

ചോദ്യച്ചോർച്ചയെ തുടർന്ന് കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി കണക്കുപരീക്ഷ വീണ്ടും നടത്തേണ്ടി വന്നതിനെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണവും അലസി. ആർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടു പോലുമില്ല. ചോദ്യകർത്താവിനും പരീക്ഷാ കമ്മിറ്റി ചെയർമാനും എതിരെ  പ്രഖ്യാപിച്ച വകുപ്പുതല നടപടികളിൽ ശിക്ഷ ഒതുങ്ങി. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിച്ചില്ല.