Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെൻഷൻ പ്രായം കോർപറേഷൻ തന്നെ 58 ആക്കണമെന്നു മന്ത്രിസഭ

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കുന്ന തീരുമാനം കോർപറേഷൻ തന്നെ എടുക്കണമെന്നു മന്ത്രിസഭാ നിർദേശം. മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ പെൻഷൻ പ്രായം 58 ആക്കിയ മാതൃകയിൽ കെഎസ്ആർടിസിയിലും ഉചിതമായ തീരുമാനം എടുക്കാൻ കോർപറേഷനെ ചുമതലപ്പെടുത്തി.

കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 60 ആക്കുന്നത് ഉൾപ്പെടെയുള്ള സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ അജൻഡയിൽനിന്നു പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ തീരുമാനിച്ചാൽ പ്രതിഷേധത്തിന് ഇടയാകുമെന്നും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനെപ്പോലും ദോഷകരമായി ബാധിച്ചേക്കാമെന്നും യോഗത്തിൽ മന്ത്രിമാരിൽ ചിലർ ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയുടെ തിരുവനന്തപുരം, തിരുവല്ല ഷോപ്പിങ് കോംപ്ലക്സുകൾ സർക്കാർ ഏറ്റെടുക്കുന്നത് ഉൾപ്പെടെ നിർദേശങ്ങളും മന്ത്രിസഭ പിൻവലിച്ചു. പുനരുദ്ധാരണ പാക്കേജ് മന്ത്രിസഭ പിൻവലിച്ചതായി അറിയിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, പെൻഷൻ പ്രായം ഉയർത്താനുള്ള നിർദേശം കെഎസ്ആർടിസിക്കു വിട്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.

കെഎസ്ആർടിസിയിലെ പെൻഷൻപ്രായ വർധനയ്ക്ക് ഇതേവരെ എൽഡിഎഫിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരം ലഭിക്കാത്തതിനാൽ നിർദേശം ഓരോ ആഴ്ചയും മന്ത്രിസഭാ യോഗം നീട്ടിവയ്ക്കുകയാണു ചെയ്തിരുന്നത്. ഇതു മന്ത്രിസഭയുടെ അജൻഡയിൽനിന്നു നീക്കം ചെയ്യണമെന്നു ചില മന്ത്രിമാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ പിൻവലിച്ചത്.

മന്ത്രിസഭാ അജൻഡയിലുള്ള വിഷയം മാറ്റിവച്ചാൽ തുടർന്നു ചേരുന്ന യോഗത്തിൽ പരിഗണനയ്ക്ക് എടുക്കാനാകും. പിൻവലിച്ചാൽ പിന്നീട് ഉൾപ്പെടുത്താൻ ഫയൽ താഴേത്തട്ടു മുതലുള്ള ഉദ്യോഗ്സഥർ കണ്ടുവേണം എത്താൻ. ഇതിന് ഏറെ സമയം എടുക്കും.

നഷ്ടത്തിലായ കെഎസ്ആർടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണു പെൻഷൻ പ്രായം ഉയർത്തുന്നതുൾപ്പെടെ പുനരുദ്ധാരണ പാക്കേജ് മന്ത്രിസഭ പരിഗണിച്ചത്. ഇതിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കമാണു നടക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.