Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ: കെഎസ്ആർടിസി ഡിപ്പോകൾ ഈടു നൽകൽ ഇന്നു പൂർത്തിയാകും

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസിക്കു ബാങ്ക് കൺസോർഷ്യത്തിന്റെ ദീർഘകാല വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡിപ്പോകൾ ഈടു നൽകുന്ന നടപടി ഇന്നു പൂർത്തിയാകും. നേരത്തേ സഹകരണ ബാങ്കുകളിലും ഹഡ്കോ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിലും ഈടുവച്ചിരുന്ന ഡിപ്പോകൾ വായ്പ തിരിച്ചടച്ചതോടെ വിട്ടുകൊടുത്തിരുന്നു. ഇവയാണു വീണ്ടും ബാങ്ക് കൺസോർഷ്യത്തിന് ഈടു വയ്ക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ 3100 കോടിയുടെ വായ്പ കെഎസ്ആർടിസിക്കു ലഭിക്കും.

ഏപ്രിൽ ഒന്നു മുതൽ ദീർഘകാല വായ്പയുടെ തിരിച്ചടവു തുടങ്ങും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, വിജയ ബാങ്ക്, കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ എന്നിവയുടെ കൂട്ടായ്മ 9.2% പലിശ നിരക്കിലാണു കെഎസ്ആർടിസിക്കു വായ്പ നൽകുന്നത്. തിരിച്ചടവ് ഇനത്തിൽ പ്രതിദിനം ശരാശരി 94 ലക്ഷം രൂപ മതിയാകുമെന്നാണു നിഗമനം. ഇപ്പോൾ ഇതു മൂന്നു കോടിയോളം രൂപയാണ്. കെഎസ്ആർടിസിയുടെ തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നുള്ള പ്രതിദിന കലക്‌ഷൻ ലീഡ് ബാങ്ക് ആയ എസ്ബിഐക്കു കൈമാറും. പ്രതിദിന തിരിച്ചടവു കഴിഞ്ഞുള്ള തുക എസ്ബിഐ പിറ്റേന്നു കെഎസ്ആർടിസിക്കു തിരിച്ചുനൽകും.

തിരിച്ചടവു കഴിഞ്ഞുള്ള അധികതുക രണ്ടാഴ്ചയ്ക്കുശേഷം തിരിച്ചു നൽകാമെന്ന ബാങ്കുകളുടെ വ്യവസ്ഥ കെഎസ്ആർടിസിയുടെ എതിർപ്പിനെത്തുടർന്നു മാറ്റുകയായിരുന്നു. ദീർഘകാല വായ്പ ലഭിക്കുന്നതോടെ പ്രതിമാസം ശരാശരി 60 കോടിയെങ്കിലും മിച്ചം വയ്ക്കാൻ കെഎസ്ആർടിസിക്കു കഴിയും.

ഈ മാസം പെൻഷൻ നൽകിയിട്ടില്ല

തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻ വിതരണം അനിശ്ചിതമായി നീളുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനമെങ്കിലും ഈ മാസത്തേത് ഇതുവരെ വിതരണം ചെയ്തിട്ടില്ല. പെൻഷൻകാരുടെ അന്തിമപട്ടിക നൽകാത്തതുകൊണ്ടാണ് ഈ താമസമെന്നാണു സഹകരണ വകുപ്പിന്റെ നിലപാട്. എന്നാൽ, പട്ടിക കൈമാറിയിട്ടുണ്ടെന്നും സഹകരണ ബാങ്കുകളിൽ മാർച്ച് മാസത്തെ തിരക്കു മൂലമാണു പെൻഷൻ നൽകാൻ വൈകുന്നതെന്നുമാണ് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നത്.

ഇതിനിടെ, കഴിഞ്ഞമാസം വിതരണം ചെയ്ത പെൻഷൻ കുടിശിക ചിലർ രണ്ടു തവണ വാങ്ങിയെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇരട്ട പെൻഷൻ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചുരുക്കം ചിലർക്കു സാങ്കേതികത്തകരാർ മൂലം അങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കുമെന്നും കെഎസ്ആർടിസി എംഡി: എ.ഹേമചന്ദ്രൻ പറഞ്ഞു.

related stories