വന്യജീവി ആക്രമണത്തിൽ മരണം: നഷ്ടപരിഹാരം 10 ലക്ഷമാക്കി

തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയിൽ നിന്നു 10 ലക്ഷമാക്കാൻ മന്ത്രിസഭാ തീരുമാനം. വന്യജീവി ആക്രമണത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഇനി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. 75,000 രൂപയായിരുന്നു നിലവിൽ നൽകിയിരുന്നത്.

വനം കുറ്റകൃത്യത്തിനു കേസുള്ളവർക്കും നഷ്ടപരിഹാരം ലഭിക്കും. അതേസമയം വനംകുറ്റകൃത്യത്തിൽ ഏർപ്പെട്ടപ്പോഴാണ് അപകടമുണ്ടായതെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ല. കന്നുകാലി, വീട്, കുടിലുകൾ, കൃഷി എന്നിവ നശിച്ചാൽ നാശനഷ്ടത്തിനു തുല്യമായ തുക പൂർണമായോ പരമാവധി ഒരുലക്ഷം രൂപ വരെയോ നഷ്ടപരിഹാരം നൽകും. ഇപ്പോൾ പരമാവധി 75,000 രൂപയാണു നൽകുന്നത്.

വ്യക്തികൾക്കുണ്ടാകുന്ന പരുക്കിനു നൽകുന്ന സഹായം പരമാവധി 75,000 എന്നത് ഒരു ലക്ഷമാക്കി. പട്ടികവർഗക്കാരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. നഷ്ടപരിഹാര വ്യവസ്ഥകൾ സംബന്ധിച്ചു നിലവിലുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാനാണു മന്ത്രിസഭാ തീരുമാനം.

നഷ്ടപരിഹാരത്തുകയിൽ 50% നേരിട്ടും ബാക്കി അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴും നൽകും. വനത്തിനു പുറത്തുവച്ചു പാമ്പു കടിയേറ്റു മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഒരുലക്ഷത്തിൽ നിന്നു രണ്ടുലക്ഷമാക്കി.