ഉല്ലാസ നൗക ടൂറിസം: കേരളം പദ്ധതി നൽകിയെന്ന് കണ്ണന്താനം

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലെ തീരദേശ സർകീട്ട് വിഭാഗത്തിൽ മലനാട് മലബാർ ഉല്ലാസനൗക ടൂറിസത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞമാസം കേരള സർക്കാർ പദ്ധതി സമർപ്പിച്ചിരുന്നതായി ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ കെ.കെ.രാഗേഷിനു മറുപടി നൽകി.

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ്പ്ബിൽഡിങ്ങിനെ (നിർദേശ്) കൂടുതൽ സ്വയംഭരണാധികാരത്തോടെ പുനഃസംഘടിപ്പിക്കാൻ അനുമതി നൽകിയതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ലോക്സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. പ്രതിരോധ പൊതുമേഖലാ കപ്പൽ നിർമാണശാലകളുടെ സൊസൈറ്റിയായി വികസിപ്പിക്കാനാണു നീക്കം.

ഖത്തറിൽ ഇന്ത്യൻ വർക്കർ റിസോഴ്സ് സെന്റർ (ഐഡബ്ല്യൂആർസി) ആരംഭിക്കാനുള്ള നിർദേശത്തിനു തത്വത്തിൽ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്സഭയിൽ ആന്റോ ആന്റണിയെ അറിയിച്ചു.