സുരക്ഷാ പിഴവ് പരിഹരിച്ചില്ല; പരീക്ഷയ്ക്കു ജയിപ്പിക്കാമെന്ന വാഗ്ദാനവുമായി ഹാക്കർ

സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വെബ്സൈറ്റിലെ സുരക്ഷാ പിഴവു മുതലെടുത്ത് നോട്ടിഫിക്കേഷൻസ് വിഭാഗത്തിൽ ഹാക്കർ ‘സൈബർ സ്വോർഡ്’ എന്ന പേര് ചേർത്തപ്പോൾ.

തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൺട്രോളർ ഓഫ് എക്സാമിനേഷന്റെ വെബ്സൈറ്റിലെ സുരക്ഷാപിഴവു പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ‘പരീക്ഷാഫലം കാത്തിരിക്കുന്നവരെ ജയിപ്പിക്കാം’ എന്ന വാഗ്ദാനവുമായി എത്തിക്കൽ ഹാക്കർ. സപ്ലിയാണെന്നും ജയിപ്പിച്ചു തരണമെന്നുമുള്ള അപേക്ഷയുമായി നൂറുകണക്കിനു വിദ്യാർഥികളാണു റജിസ്റ്റർ നമ്പറും ജനനതീയതിയും ‘സൈബർ സ്വോർഡ്’ എന്ന ഫെയ്സ്ബുക് പേജിനടിയിൽ കമന്റായി രേഖപ്പെടുത്തുന്നത്!

ജനുവരി മുതൽ ഇതുവരെ വിവര സുരക്ഷയുമായി ബന്ധപ്പെട്ട പിഴവുകൾ 10 തവണ സർക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് ഈ പുതിയ പ്രതിഷേധമാർഗമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യം കമന്റ് ചെയ്ത ഒരാളെ താൻ ഡേറ്റാബേസ് തിരുത്തി ജയിപ്പിച്ചതായി അവകാശവാദവുമുണ്ട്. പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പല തവണ മുഖ്യമന്ത്രിയുടെ ഓഫിസിന് ഉൾപ്പെടെ മെയ്ൽ അയച്ചിരുന്നു.

കഴിഞ്ഞ ദിവസവും ഈ വെബ്സൈറ്റ് ഹാക്ക് ചെയ്തു വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടന്നതായി ഹാക്കർ മാധ്യമങ്ങൾക്ക് അയച്ച മെയ്‍ലിൽ പറയുന്നു. ആധാർ ഉൾപ്പെടെ വിവരങ്ങളും ഇപ്പോൾ വെബ്സൈറ്റിലുണ്ടത്രേ. ജനുവരിയിൽ തന്നെ ഐടി വകുപ്പ് ഇക്കാര്യം സാങ്കേതികവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതായാണു സൂചന. തുടർന്ന് ഐടി സെക്രട്ടറിയുടെ നിർദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തിയിരുന്നു. വെബ്സൈറ്റ് സുരക്ഷിതമാക്കാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സൈബർ പൊലീസ് ഉൾപ്പെടെയുള്ളവർക്കു ഹാക്കർ സന്ദേശം അയച്ചിട്ടുണ്ട്.