കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി; അന്യായ സ്ഥലംമാറ്റംമൂലമെന്ന് ബന്ധുക്കൾ

തെന്മല ∙ കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്തു; അന്യായമായി സ്ഥലം മാറ്റിയതാണു കാരണമെന്നു ബന്ധുക്കൾ. ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യം. ഇടമൺ നിഷാന മൻസിലിൽ നാസറുദീൻ (52) ആണു മരിച്ചത്. പുനലൂർ ഡിപ്പോയിൽ ഡ്രൈവറായിരുന്ന നാസറുദീനെ പത്തനംതിട്ടയിലേക്കു നാലുമാസം മുൻപു സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇതുവരെ പത്തനംതിട്ടയിൽ ജോലിക്കു നാസറുദീൻ പോയിരുന്നില്ല.

പുനലൂരിലേക്കു തിരികെ വരാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യ ചെയ്തതെന്നാണു ബന്ധുക്കളുടെ ആരോപണം. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ കെഎസ്ആർടിസി അധികൃതർക്കെതിരെ പരാമർശമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. കബറടക്കം നടത്തി. ഭാര്യ: ലൈലബീവി. മക്കൾ: നിയാസ്, നിഷാന.