സെൻകുമാറിനെതിരെ കേസ്: ചീഫ് സെക്രട്ടറിയുടെ നിർദേശം നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി ∙ വ്യാജ മെഡിക്കൽ രേഖയുണ്ടാക്കി അവധി ആനുകൂല്യം തട്ടിയെടുത്തതായി ആരോപിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിപിഎം നേതാവ് എ.ജെ. സുക്കാർണോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ പൊലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.

പൊലീസ് മേധാവി വഴി ചീഫ്‌ സെക്രട്ടറി നൽകിയ നിർദേശം നിയമവിരുദ്ധമാണ്. നിർദേശങ്ങൾ നൽകാൻ അധികാരമില്ലാത്ത ഉന്നതരുടെ നിർബന്ധം മൂലം സ്റ്റേഷൻ ഹൗസ് ഓഫിസർ കേസെടുക്കുകയായിരുന്നു. ക്രിമിനൽ നടപടി ചട്ടം ലംഘിച്ചു പൊലീസ് കേസെടുത്തതു നിയമപരമല്ല. പോലീസിന് കൈമാറിയ പരാതിയിൽ എന്തെങ്കിലും കുറ്റകൃത്യത്തെക്കുറിച്ചു പരാമർശമുണ്ടായിരുന്നില്ല. കേസെടുക്കാൻ മതിയായ വകുപ്പുകളില്ലാതിരുന്നിട്ടും നിർബന്ധിച്ചു കേസെടുപ്പിക്കുകയായിരുന്നു.

ഇക്കാരണങ്ങൾ പരിഗണിച്ചാൽ കേസ് റദ്ദാക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജി അനുവദിച്ചാണു കോടതി നടപടി. അവധിയിലായിരുന്ന എട്ടുമാസത്തെ ശമ്പളം ലഭിക്കാൻ ടി.പി. സെൻകുമാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ചായിരുന്നു കേസ്.