ബൈക്ക് റൈഡ് ചാലഞ്ച്: സമയം തെറ്റിച്ച് മരണം

മിഥുന്റെ ബൈക്ക് അപകടത്തിൽ തകർന്ന നിലയിൽ.

ഒറ്റപ്പാലം ∙ യുഎസ് ആസ്ഥാനമായ സംഘടനയിൽ അംഗമാകാൻ വേണ്ടി, ഓൺലൈൻ ബൈക്ക് റൈഡ് ചാലഞ്ച് എറ്റെടുത്തു പുറപ്പെട്ട എൻജീനിയറിങ് വിദ്യാർഥി പാലപ്പുറം ‘സമത’യിൽ മിഥുൻഘോഷ് (22) കർണാടകയിലെ ചിത്രദുർഗയിൽ മരിച്ചതു ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചാണെന്നു സ്ഥിരീകരിച്ചു.

ബെംഗളൂരു–ഹുബ്ലി ദേശീയ പാതയിൽ ലോറിയെ മറികടക്കുന്നതിനിടെയാണു ബൈക്ക് അപകടത്തിൽപെട്ടതെന്നാണു കർണാടക പൊലീസിൽനിന്നു ലഭിച്ച വിവരം. ബുധൻ പുലർച്ചെ നാലരയോടെയാണ് അപകടം. നെഞ്ചിലും മുഖത്തും മാരകമായി പരുക്കേറ്റ മിഥുനെ സമീപത്തെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.

ചിത്രദുർഗയിൽ നിന്നു പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം രാത്രി പാലപ്പുറം പോസ്റ്റൽ ക്വാർട്ടേഴ്സ് പരിസരത്തെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ ഒൻപതിനു മിഥുന്റെ അമ്മയുടെ നാടായ പത്തനംതിട്ട ഇലവുംതിട്ടയിലെ മംഗലശ്ശേരി അടികഴിയിൽ വീട്ടിലെത്തിച്ചശേഷം വൈകിട്ടു നാലിനു സംസ്കാരം നടക്കും. 

മിഥുന്റെ കുടുംബം നിയമ നടപടിക്ക് 

മിഥുൻഘോഷിന്റെ മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. മിഥുൻ കുരുങ്ങിയ ഓൺലൈൻ റൈഡിങ് ഗ്രൂപ്പിന്റെ കണ്ണികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് അച്ഛൻ എം. സുഗതൻ പറഞ്ഞു. 

മകനു ബൈക്ക് യാത്രയിൽ വലിയ കമ്പമുണ്ടെന്ന് അറിയാമായിരുന്നു. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയാൽ സിവിൽ സർവീസ് പരിശീലനത്തിനു വിടാനായിരുന്നു മോഹം. ഇതോടെ ബൈക്ക് റൈഡിലുള്ള കമ്പം കുറയുമെന്നായിരുന്നു ധാരണ. ഇനിയൊരാൾ ഇത്തരം അപകടത്തിൽപെടരുതെന്നു കരുതിയാണു പരാതി നൽകുന്നതെന്നും സുഗതൻ പറഞ്ഞു. 

ഐബിഐ: പരുക്കന്മാരായ റൈഡേഴ്സ് 

റൈഡർമാരുടെ രാജ്യാന്തര സംഘടനകളിൽ ഒന്നാണ് അയൺബട് അസോസിയേഷൻ (ഐബിഎ). ഇതിൽ അംഗത്വം ലഭിക്കാൻ സംഘടന നൽകുന്ന ചാലഞ്ചുകളിൽ ഒന്ന് ഏറ്റെടുക്കണം. 1000 മൈൽ 24 മണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന സാഡിൽ സോർ 1000, 1500 മൈൽ 36 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന ബൺ ബർണർ, 1600 കിലോമീറ്റർ 24 മണിക്കൂറിനകം തീർക്കുന്ന സാഡിൽ സോർ 1600 കെ, 2500 കിലോമീറ്റർ 36 മണിക്കൂർകൊണ്ട് പൂർത്തിയാക്കുന്ന ബൺ ബർണർ 2500 കെ, 1500 മൈൽ 24 മണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന ബൺ ബർണർ 1500 ഗോൾഡ് എന്നിവയാണ് പ്രധാന റൈഡുകൾ. 1984ൽ യുഎസിൽ രൂപം കൊണ്ട സംഘടന ‘ലോകത്തെ പരുക്കന്മാരായ’ റൈഡേഴ്സ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇതിൽ സാഡിൽ സോർ 1000 ചാലഞ്ച് ആണു മിഥുൻ ഏറ്റെടുത്തത്. 

മാതൃക സീനിയർ വിദ്യാർഥി എന്ന് ബന്ധുക്കൾ

ബൈക്ക് റൈഡ് ചാലഞ്ചിനു മിഥുൻഘോഷ് മാതൃകയാക്കിയതു കോളജിലെ സീനിയർ വിദ്യാർഥിയെ എന്നു സൂചന. ബൈക്കിൽ 24 മണിക്കൂറിൽ  1600 കിലോമീറ്റർ ഓടിയെത്തുന്ന ‘സഡിൽസോർ ചാലഞ്ച്’  ഈ വിദ്യാർഥി പൂർത്തിയാക്കിയിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.  അതേ റൂട്ടിലായിരുന്നു മിഥുന്റെയും യാത്ര.