ഗുരുവായൂരിൽ പ്രസാദഊട്ടിലെ മാറ്റം പിൻവലിക്കണമെന്ന് തന്ത്രി

ഗുരുവായൂർ∙ ക്ഷേത്രത്തിൽ കാലങ്ങളായി പിൻതുടരുന്ന ആചാരാനുഷ്ഠാനങ്ങൾ  പരിഗണിക്കാതെ പ്രസാദ ഊട്ടിൽ മാറ്റം വരുത്തിയ ദേവസ്വം തീരുമാനം പിൻവലിക്കണമെന്നു   ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു കത്തു നൽകി.  ആചാരവും ചിട്ടയും ഭക്തരുടെ വികാരവും മാനിക്കാതെ  ഒരു തീരുമാനവും നടപ്പാക്കില്ലെന്നും ക്ഷേത്ര കാര്യങ്ങളിൽ  തന്ത്രിയുടെ നിർദ്ദേശം പാലിച്ച ശേഷമേ ഏതു തീരുമാനവും നടപ്പാക്കൂ എന്നും ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് പറഞ്ഞു. 

ഗുരുവായൂർ ക്ഷേത്രത്തിനകത്തു വിളക്കുവച്ചു ഭഗവാനു നൽകുന്നുവെന്ന സങ്കൽപത്തിൽ ഒരിലയിൽ വിളമ്പിത്തുടങ്ങി  ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചാണു പ്രസാദഊട്ടു നടത്തുന്നത്. ക്ഷേത്രത്തിനകത്ത് എങ്ങനെ നടന്നുവോ അതുപോലെ നടത്താമെന്ന ഉറപ്പിലാണു ഊട്ടു  പുറത്തേക്കു മാറ്റിയത്. ഇതേ നിബന്ധനയിലാണു ചെമ്പൈ സംഗീതോൽസവവും ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്.  ക്ഷേത്രാചാരമര്യാദകൾ പാലിക്കാതെ പ്രസാദ ഊട്ടു നൽകുന്നതിനെതിരെ  ഭക്തരും ഭക്തജനസംഘടനകളും  മനോവ്യഥ അറിയിച്ചതായും തന്ത്രി കത്തിൽ പറയുന്നു.

അടുത്ത യോഗത്തിൽ തന്ത്രിയുമായി ചർച്ച ചെയ്യും.  ക്ഷേത്ര ചടങ്ങുകൾ‌ പാലിച്ചു മാത്രമേ ദേവസ്വം ഭരണ സമിതി തീരുമാനങ്ങൾ നടപ്പാക്കൂ എന്നും ചെയർമാൻ പറഞ്ഞു.