Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണനു പിറന്നാൾ, കണ്ടു വണങ്ങാൻ ഗുരുവായൂരിൽ തിരക്ക്

krishnaleela ചിരിതൂകി കളിയാടി... അഷ്ടമി രോഹിണിയോടനുബന്ധിച്ച് ദീപപ്രഭയിലായ ഗുരുവായൂർ ക്ഷേത്രത്തിന് മുൻപിൽ അവതാര വിളംബര ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ ഉണ്ണിക്കണ്ണൻ. ചിത്രം: ഉണ്ണി കോട്ടക്കൽ ∙മനോരമ

ഗുരുവായൂർ∙ കാർവർണന് ഇന്നു പിറന്നാൾ. മയിൽപ്പീലി ചൂടി മഞ്ഞപ്പട്ടണിഞ്ഞ് പൊന്നിൻ കിങ്ങിണിയും പൊന്നോടക്കുഴലുമായി സ്വർണശ്രീലകത്ത് തിളങ്ങുന്ന ഉണ്ണിക്കണ്ണനെ ഒരു നോക്കു കാണാൻ ഭക്തജന പ്രവാഹം ആരംഭിച്ചു. അഷ്ടമിരോഹിണി ദിനമായ ഇന്നു പുലർച്ചെ മൂന്നിനു നിർമാല്യം, വാകച്ചാർത്ത് എന്നിവയോടെ ആഘോഷങ്ങൾ തുടങ്ങും. 

പുഷ്പവും ദീപവും കൊണ്ടു ക്ഷേത്രം അലങ്കരിക്കും. രാവിലെ ഏഴിന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി. ഗജരത്നം പത്മനാഭൻ സ്വർണക്കോലമെഴുന്നള്ളിക്കും. 

രാവിലെ ഒൻപതോടെ കണ്ണന്റെ പിറന്നാൾ സദ്യയാരംഭിക്കും. ക്ഷേത്രക്കുളത്തിനു പ‍ടിഞ്ഞാറു ഭാഗത്തും തെക്കേനടയിലെ പ്രത്യേക പന്തലിലുമാണു സദ്യ നൽകുന്നത്. ഉച്ചകഴിഞ്ഞാൽ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, മേളം, സന്ധ്യയ്ക്ക് നിറമാല, കേളി, തായമ്പക, രാത്രി  വിളക്കെഴുന്നള്ളിപ്പ്. 

അത്താഴപ്പൂജയ്ക്ക് വിശേഷവിഭവമായ നെയ്യപ്പം നിവേദിക്കും. 5.49 ലക്ഷം രൂപയുടെ 43968 നെയ്യപ്പം നിവേദിക്കും. 5.65 ലക്ഷം രൂപയുടെ പാൽപ്പായസ നിവേദ്യവുമുണ്ടാകും. 

മേൽപൂത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് സാംസ്കാരിക സമ്മേളനത്തിൽ കലാമണ്ഡലം പി.വി.ഈശ്വരനുണ്ണിക്ക് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം സമ്മാനിക്കും. തുടർന്നു മിഴാവ് തായമ്പക, സംഗീത ഫ്യൂഷൻ, കൃഷ്ണനാട്ടം. 

രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞു ക്ഷേത്രനട അടയ്ക്കുമ്പോൾ പുലർച്ചെ ഒന്നു കഴിയും. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപികൾക്കും ദേവസ്വം സ്റ്റാഫിനും പ്രത്യേക ദർശന സംവിധാനം ഉണ്ടാകില്ല. വരിനിന്നു കാത്തു നിൽക്കുന്നവർക്കാകും പ്രഥമ പരിഗണന.

അഷ്ടമിരോഹിണി ദിനമായ ഇന്ന് അത്താഴപ്പൂജയ്ക്ക് കണ്ണന്റെ ശ്രീലകം നെയ്യപ്പം കൊണ്ടു നിറയും. സ്റ്റീൽ കുട്ടകങ്ങളിൽ നെയ്യപ്പം നിറച്ച് ശ്രീലകത്തും മുഖമണ്ഡപത്തിലുമായി വച്ചാണ് അത്താഴപ്പൂജ. 5,49,600 രൂപയ്ക്കുള്ള 43,968 നെയ്യപ്പമാണു നിവേദിക്കുന്നത്.