പിണറായി സർക്കാർ രണ്ടു വർഷം കൊണ്ട് ജനദ്രോഹ സർക്കാരായി: കുഞ്ഞാലിക്കുട്ടി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിെഎ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേത‌ാവ് രമേശ് ചെന്നിത്തല കൊച്ചിയിൽ നടത്തിയ ഉപവാസം പി.കെ. കു‍ഞ്ഞാലിക്കുട്ടി എംപി നാരാങ്ങ നീരു നൽകി അവസാനിപ്പിക്കുന്നു. ഡിസിസി പ്രസിഡൻറ് ടി.ജെ വിനോദ്, വി.ഡി. സതീശൻ എംഎൽഎ, എംപിമാരായ കെ.വി. തോമസ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ സമീപം.

കൊച്ചി ∙ വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറൈൻഡ്രൈവിൽ നടത്തിയ 24 മണിക്കൂർ ഉപവാസസമരം സമാപിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. '

സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീടു സന്ദർശിക്കാൻ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതുവരെ തയാറായിട്ടില്ല. കുറ്റം ചെയ്യാത്തവരെ നിശ്ശബ്ദരാക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രണ്ടു വർഷം കൊണ്ടു ജനദ്രോഹ സർക്കാരായി മാറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ബ്രിട്ടിഷുകാരുടെയും സർ സിപിയുടെയും ശൈലിയാണു പിന്തുടരുന്നതെന്നു കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നിരപരാധിയെ തല്ലിക്കൊന്നിട്ടും പൊലീസ് ധാർഷ്ട്യത്തിനു കുറവില്ല.

വാഹനപരിശോധനയ്ക്ക് ഇടയിൽപ്പോലും ആളുകളെ പൊലീസ് കൊല്ലുന്ന കാലമാണിത്. ഇത്തരം സംഭവങ്ങളോടു പ്രതിഷേധിക്കാൻ ഏറ്റവും നല്ല മാർഗം ജനമനസ്സാക്ഷി ഉണർത്തുകയാണ്. ജനദ്രോഹ നടപടികളിൽ മുങ്ങിനിൽക്കുന്ന മോദി ഭരണത്തെ ജനം വെറുത്തിരിക്കുന്നു. ഒരു മാറ്റം കോൺഗ്രസിനേ സാധിക്കൂ. അത്തരം മാറ്റങ്ങളുടെ തുടക്കമാണു വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തലയുടെ ഉപവാസസമരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.