സ്വന്തം പണി ചെയ്താൽ മതി: മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം∙ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആ പണി എടുത്താൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷന്റെ ചുമതലയുള്ളയാൾ രാഷ്ട്രീയ നിലപാടു വച്ച് അഭിപ്രായം പറയരുത്. തീരുമാനമെടുക്കുമ്പോൾ മനുഷ്യാവകാശ കമ്മിഷനിലെ പദവിയിലാണെന്ന ഓർമ വേണം. അതിൽ മുൻ രാഷ്ട്രീയ നിലപാടു വരരുത്– മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന കമ്മിഷൻ ചെയർമാൻ പി.മോഹനദാസിന്റെ നിർദേശമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ആരോപണവിധേയനായ എസ്പി എ.വി.ജോർജിനെ പൊലീസ് അക്കാദമിയിലേക്കു മാറ്റിയതിനെയും കമ്മിഷൻ വിമർശിച്ചിരുന്നു. പത്രസമ്മേളനത്തിൽ കമ്മിഷൻ ചെയർമാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രിയുടെ കയ്യിൽ അടുത്തിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തട്ടിയപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ടു നിർത്തി.

എന്നാൽ പിന്നീടു വീണ്ടും ചോദ്യമുയർന്നപ്പോൾ അദ്ദേഹം രൂക്ഷമായ വിമർശനം ആവർത്തിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെപ്പോലെ എന്തും വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലുള്ളവരാണു സമൂഹമാധ്യമങ്ങളിൽ ഉള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപക്വമായി പലതും പറയുന്നുണ്ടെന്നും അതിനെ വലിയ കാര്യമായി കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത സംഭവവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കു ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ ആരോപണം സംബന്ധിച്ചായിരുന്നു ഈ പ്രതികരണം.