മനുഷ്യാവകാശ കമ്മിഷൻ ചെയ്യുന്നത് അവരുടെ ജോലി തന്നെ: രമേശ്

തിരുവനന്തപുരം∙ അർധരാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോൾ മനുഷ്യാവകാശ കമ്മിഷൻ ഇടപെടരുതെന്നു പറയുന്ന മുഖ്യമന്ത്രി ഏതു ലോകത്താണു ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യാവകാശ കമ്മിഷന്റെ പണി തന്നെയാണു കമ്മിഷൻ ചെയ്തിരിക്കുന്നത്.

മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോൾ പൗരനു സംരക്ഷണം നൽകേണ്ട പണിയാണു കമ്മിഷന്റേതെന്ന് അധികാര ഹുങ്കിൽ മുഖ്യമന്ത്രി മറന്നുപോകുന്നു. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേടു കൊണ്ടാണു സംസ്ഥാനത്തു കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണം നടന്നു 15–ാമത്തെ ദിവസമാണു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല. സിബിഐയെ കേസ് ഏൽപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.