മുഖ്യമന്ത്രിയെ കാണാൻ മുൻകൂർ‌ അനുമതി എടുത്തിരുന്നെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം∙ തലസ്ഥാനത്തു കാണാതായ വിദേശവനിത ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ഒരു ഘട്ടത്തിലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറയുമ്പോൾ, 23ന് അദ്ദേഹത്തെ കാണാൻ ഇലീസും സുഹൃത്തുക്കളും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വഴി മുൻകൂർ അനുമതിയെടുത്തതായി വിവരം. അന്ന് ലിഗയുടെ സഹോദരി ഇലീസിനൊപ്പമുണ്ടായിരുന്ന സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയാണു മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ രംഗത്തെത്തിയത്.

22ന് അഡീഷനൽ പ്രൈവറ്റ്‌ സെക്രട്ടറി സി.എം.രവീന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അശ്വതി പറഞ്ഞു. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേന്നു രാവിലെ സഭയിൽ വരാൻ രവീന്ദ്രൻ നിർദേശിച്ചു. 23നു രാവിലെ ഒൻപതു മുതൽ രവീന്ദ്രനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്നു പത്തു മണിയോടെ ഇവർ നിയമസഭാ പരിസരത്തെത്തി. 11.30 വരെ തുടർച്ചയായി വിളിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അശ്വതി ആരോപിച്ചു.

സുരക്ഷാ ജീവനക്കാരുടെ മുന്നിൽ പേര് റജിസ്റ്റർ ചെയ്‌ത്‌ അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. അതിനു പിന്നാലെ തങ്ങളും കാറിൽ പാഞ്ഞെന്ന് അശ്വതി പറഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ചു കാണാമെന്നായിരുന്നു പ്രതീക്ഷ. പിന്നീടു രവീന്ദ്രൻ ഫോണിൽ മുഖ്യമന്ത്രിയെ ഇനി കാണാനാവില്ലെന്നും അദ്ദേഹം കൊച്ചിക്കു പോവുകയാണെന്നും അറിയിച്ചെന്നും അശ്വതി പറഞ്ഞു.

ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും മുഖ്യമന്ത്രിയുടെ ഓഫിസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണെങ്കിലും അവരെ അവിടെ എത്താൻ സമ്മതിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ വീഴ്ചയ്ക്കെതിരെ നടപടിയെടുക്കണമെന്ന് അശ്വതി ആവശ്യപ്പെട്ടു.