പാലക്കാട്ടെ ഒരു സ്ഥിരം സമിതി കൂടി യുഡിഎഫ്–സിപിഎം സഖ്യം വീഴ്ത്തി

പാലക്കാട് ∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസവും സിപിഎം പിന്തുണയോടെ പാസായി. ഇതോടെ നഗരസഭയിൽ ബിജെപിക്ക് രണ്ടു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. സുനിലിനെതിരെയുള്ള പ്രമേയം മൂന്നിനെതിരെ അഞ്ചു വോട്ടുകൾക്കാണു പാസായത്. സമിതിയിലെ യുഡിഎഫ് അംഗങ്ങളായ കെ. ഭവദാസ്, കെ. ഭാഗ്യം, ബി. സുഭാഷ് എന്നിവർക്കു പുറമെ സിപിഎം അംഗങ്ങളായ അബ്ദുൽ ഷുക്കൂറും ആർ. ഉദയകുമാറും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. ബിജെപി അംഗങ്ങളായ സമിതി അധ്യക്ഷൻ എം. സുനിൽ, കെ. പ്രസാദ്, എസ്. ഗംഗ എന്നിവർ പ്രമേയത്തെ എതിർത്തു. ഏപ്രിൽ 28 നു നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സമാനരീതിയിൽ ബിജെപിക്കു നഷ്ടപ്പെട്ടിരുന്നു.

അതേസമയം, സിപിഎം സ്വതന്ത്ര അംഗത്തിന്റെ വോട്ട് അസാധുവായതോടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം പരാജയപ്പെട്ടു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് ഏഴിനു ചർച്ചയ്ക്കെടുക്കും. അന്നു തന്നെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെ നോട്ടിസ് നൽകും. സ്ഥിരം സമിതിക്കു ശേഷം നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസത്തിനു നോട്ടിസ് നൽകാനാണു യുഡിഎഫ് തീരുമാനം.