കേരള സർക്കാർ പലതും പറയും; ഞങ്ങൾ കേന്ദ്ര പാർട്ടി

കൊച്ചി ∙ സർക്കാരിന്റെ പ്രഖ്യാപന പ്രകാരം ഈ മാസം ഒന്നു മുതൽ കേരളത്തിൽ നോക്കൂകൂലിയില്ല. പക്ഷേ, സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ ചിലരെങ്കിലും അതറിഞ്ഞ മട്ടില്ല. പ്രകൃതിവാതക പൈപ് ലൈൻ പദ്ധതി നടപ്പാക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കരാറുകാരോടു കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തൊഴിലാളി സംഘടന നോക്കുകൂലിയായി വാങ്ങുന്നതു ട്രക്ക് ഒന്നിനു മൂവായിരം രൂപ വീതം!

കളമശേരി ഉദ്യോഗമണ്ഡലിലെ യാർഡിൽ പൈപ് ട്രക്കിൽ കയറ്റുന്നതു നോക്കി നിൽക്കുന്നതിനാണു കൂലി. യന്ത്രസഹായത്തോടെയാണു പൈപ്പുകൾ ഉൾപ്പെടെയുള്ളവ കയറ്റുന്നതും ഇറക്കുന്നതും. തൊഴിലാളികൾക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എങ്കിലും, കരാറുകാർ കാലങ്ങളായി നോക്കുകൂലി കൃത്യമായി നൽകുന്നു. സാധാരണ ദിവസങ്ങളിൽ അഞ്ചും ആറും കൂറ്റൻ പൈപ്പുകളാണു യാർഡിൽ നിന്നു കൊണ്ടുപോകുന്നത്. 40 അടി നീളവും രണ്ടര അടി വ്യാസവുമുള്ള ഒരു പൈപ്പിന്റെ ഭാരം മൂന്നു ടണ്ണാണ്. സ്വാഭാവികമായും അതു കയറ്റാനും ഇറക്കാനും ക്രെയിൻ വേണം. എന്നാൽ, ‘ക്രെയിൻ പൈപ്പുമായി ബന്ധിപ്പിക്കുന്ന ബെൽറ്റിൽ പിടിക്കാം, മൂവായിരം രൂപ വേണം’ എന്ന നിലപാടാണു തൊഴിലാളികൾ സ്വീകരിച്ചതത്രെ. ഇന്നലെ, ഒരു പൈപ്പ് മാത്രമേ കയറ്റാനുണ്ടായിരുന്നുള്ളൂ. നോക്കുകൂലി പക്ഷേ, മൂവായിരം രൂപ തന്നെ! നാലായിരം രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും വിലപേശലിന് ഒടുവിൽ മൂവായിരത്തിനു സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ജില്ലാ ലേബർ ഓഫിസർ കയറ്റിറക്കു നിരക്കു പുതുക്കി നിശ്ചയിച്ചിരുന്നു. കരാർ പ്രകാരം അഞ്ചു ടൺ മുതൽ 10 ടൺ വരെ ഭാരമുള്ള മെഷീനറി സാധനങ്ങളുടെ കയറ്റിറക്കിനു ടൺ ഒന്നിനു 4,000 രൂപയാണു നിരക്ക്. ഈ കരാർ ചൂണ്ടിക്കാട്ടിയാണു യൂണിയന്റെ ഇടപെടൽ.