കോൺഗ്രസും ബിജെപിയും നേർക്കുനേർ മൽസരിച്ചാൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യും: പി.മോഹനൻ

കോഴിക്കോട് ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു വോട്ടുകുറഞ്ഞ മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മൽസരിച്ചാൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. പാർട്ടിക്ക് സ്വാധീനശക്തിയുള്ള 120 മണ്ഡലങ്ങളിൽ മാത്രമേ സ്ഥാനാർഥിയെ നിർത്തൂ എന്ന് തീരുമാനമെടുത്തിട്ടുണ്ട്.

സ്വാധീനം കുറഞ്ഞ സ്ഥലങ്ങളിൽ മൽസരിച്ച് ബിജെപിക്കെതിരായ വോട്ട് ഭിന്നിപ്പിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു.  വിസ്ഡം  ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം’ മുജാഹിദ് ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം.

ഇന്ത്യയേക്കാൾ‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്.  ബാബറി മസ്ജിദ് തകർന്നതിനുശേഷം അനേകം മുസ്‌ലിം തീവ്രവാദസംഘടനകൾ‍ രൂപം കൊണ്ടു. ബാബറി മസ്ജിദ് സംഭവകാലത്തല്ല, ഇന്ത്യ–പാക്ക് വിഭജനകാലത്താണ് ന്യൂനപക്ഷങ്ങൾ ഏറെ ആക്രമണങ്ങൾക്ക് ഇരയായത്. എന്നിട്ടും  അക്കാലത്ത് തീവ്രവാദസംഘടനകൾ രൂപം കൊള്ളാതിരിക്കാൻ കാരണം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഒരുക്കിയ സുരക്ഷിത അന്തരീക്ഷമായിരുന്നുവെന്നും പി.മോഹനൻ പറഞ്ഞു.