തിയറ്ററിലെ പീഡനം: തെളിവെടുപ്പ് തുടങ്ങി

എടപ്പാൾ∙ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് തുടങ്ങി. ഇന്നലെ ഉച്ചയോടെ തിയറ്ററിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കും ഉപകരണങ്ങളും കസ്‌റ്റഡിയിലെടുത്തു. സസ്‌പെൻഷനിലായ എസ്‌ഐ കെ.ജി.ബേബി, ചൈൽഡ്‌ലൈൻ പ്രവർത്തകൻ ഷിഹാബ്, പൊന്നാനി സിഐ സണ്ണി ചാക്കോ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ, ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഏപ്രിൽ 25ന് ആണ് തിയറ്റർ ഉടമകൾ പരാതി നൽകിയതെന്നും 26നുതന്നെ അവ പൊലീസിനു കൈമാറിയെന്നും ചൈൽഡ്‌ലൈൻ ഡിവൈഎസ്‌പിയെ അറിയിച്ചു. അതേസമയം, 18ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പിറ്റേന്നുതന്നെ ചൈൽഡ്‌ലൈനിന് കൈമാറിയെന്നാണ് തിയറ്റർ ഉടമകളുടെ മൊഴി.

ചൈൽഡ്‌ലൈനിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടായോ എന്ന് അന്വേഷിക്കും. ഡിവൈഎസ്‌പി ഉൾപ്പെടെയുള്ളവരും സ്‌റ്റേഷനിലെ മറ്റു പൊലീസുകാരും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പീഡനവിവരത്തോട് പ്രതികരിച്ചതെങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്.

റിമാൻഡിലായ മുഖ്യപ്രതി തൃത്താല സ്വദേശി മൊയ്‌തീൻകുട്ടി, പെൺകുട്ടിയുടെ മാതാവ് എന്നിവരെ കസ്‌റ്റഡിയിൽ കിട്ടുന്നതിനായി പൊലീസ് കോടതിയെ സമീപിക്കും. മൊയ്‌തീൻകുട്ടിയുടെയും കുട്ടിയുടെ മാതാവിന്റെയും ഫോൺവിളികൾ പരിശോധിച്ചുവരികയാണ്. കേസിൽ ദുർബലവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന ആരോപണം ഡിവൈഎസ്‌പി നിഷേധിച്ചു.

ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊച്ചി∙ എടപ്പാളിൽ തിയറ്ററിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് ലൈൻ എന്നിവർക്കു നിർദേശം നൽകി. 

റിപ്പോർട്ട് ലഭിച്ച ശേഷം കുട്ടിയുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നു ബാലാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ സി.ജെ. ആന്റണി പറഞ്ഞു.