െലെംഗിക പീഡനമെന്ന് വിദ്യാർഥിനികൾ കോടതിയിൽ; അന്വേഷണം തുടങ്ങി

കൊച്ചി ∙ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു മൂന്നു സ്കൂൾ വിദ്യാർഥിനികൾ ഹൈക്കോടതിയിൽ വെളിപ്പെടുത്തിയതിനെ തുടർന്നു പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം സെൻട്രൽ പൊലീസ് കേസെടുത്തു. 

സ്കൂളിൽനിന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. മൂന്നു പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയശേഷം, കോടതിയുടെ നിർദേശപ്രകാരം ഇവരുടെ കൂട്ടുകാരിയുടെ വീട്ടിലേക്കു മാറ്റി. 

വിദ്യാർഥിനികളെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കൾ ഹേബിയസ് കോർപസ് ഹർജി നൽകിയതിനെത്തുടർന്നാണ് ഇവരെ ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയത്. 

പീഡനത്തിനിരയായ വിവരം വിദ്യാർഥിനികൾ ഹൈക്കോടതിയെ അറിയിക്കുകയും കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശിക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.