യാക്കോബായ സഭയുടെ ഹർജി ജൂലൈ മൂന്നിന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ ഭരണഘടന അനുശാസിക്കുന്ന വിധം തങ്ങളുടെ വിശ്വാസവും ആചാരങ്ങളും തുടരുന്ന സാഹചര്യം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടു യാക്കോബായ സുറിയാനി സഭ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ബന്ധപ്പെട്ട ബെഞ്ച് വേനലവധിക്കുശേഷം ജൂലൈ മൂന്നിനു പരിഗണിക്കും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ആർ.ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഈ കേസ് ബന്ധപ്പെട്ട ബെഞ്ചിനു വിട്ടത്. സഭാക്കേസ് പരിഗണിച്ചുവരുന്ന ബെഞ്ച് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു.യു.ലളിത് എന്നിവരുടേതാണ്.

യാക്കോബായ സുറിയാനി സഭയിലെ 61 ഇടവകാംഗങ്ങളാണു ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അന്ത്യോക്യയിലെ പാത്രിയർക്കീസിന്റെ ആത്മീയവും അല്ലാത്തതുമായ പരമാധികാരത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ വിശ്വാസവും ആരാധനയും തുടരാൻ കഴിയാത്ത നിലയാണിപ്പോഴെന്നു ഹർജിയിൽ പറയുന്നു.